Categories

മന്ത്രിമാരെ സ്വാധീനിക്കണമെന്ന് പാത്രിയാര്‍ക്കീസ് ബാവയുടെ കത്ത്

കോട്ടയം: യാക്കോബായ സഭയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സംസ്ഥാന മന്ത്രിസഭ അംഗങ്ങളെ എങ്ങനെയും സ്വാധീനിക്കണമെന്ന സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ കത്ത് വിവാദത്തില്‍. യാക്കോബായ സഭയുടെ കേന്ദ്ര ആസ്ഥാനമായ പുത്തന്‍കുരിശ് പാത്രിയാര്‍ക്കീസ് സെന്ററില്‍ നിന്നും ഈമാസം അഞ്ചിന് അരമനകളിലേക്ക് മെത്രാന്‍ന്മാര്‍ക്ക് അയച്ച കത്തിലാണ്, സഭാതര്‍ക്കം ഒത്തുതീര്‍പ്പാക്കാര്‍ സര്‍ക്കാര്‍ രൂപവത്കരിച്ച മന്ത്രിസഭാ ഉപസമിതി അംഗങ്ങളെ സ്വാധീനിക്കണമെന്ന് ഉപദേശിക്കുന്നത്.

യാക്കോബായ സഭ നേതൃത്വം യു .ഡി .എഫ് സര്‍ക്കാരില്‍ സ്വാധീനം ചെലുത്തി തങ്ങള്‍ക്ക് അനുകൂലമായ കോടതിവിധി നടപ്പാക്കുന്നത്  നീട്ടികൊണ്ടുപോകുന്നുവെന്ന് ഓര്‍ത്തഡോക്‌സ് പക്ഷത്തിന്റെ ആക്ഷേപം നിലനില്‍ക്കെയാണ് കത്ത് പുറത്തായത്. അതീവ രഹസ്യമായി സഭയിലെ മെത്രാന്‍ന്മാര്‍ക്ക് ബാവ കൈമാറിയ കത്ത് പുറത്തായതിനെകുറിച്ച് അന്വേഷണം വേണമെന്ന് യാക്കോബായ സഭയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടു കഴിഞ്ഞു.

ഇതിനിടെ സഭാ പ്രശ്‌നത്തില്‍ സര്‍ക്കാരിനെതിരെ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കാന്‍ ഇന്നലെ കോട്ടയത്ത് ചേര്‍ന്ന ഓര്‍ത്തഡോക്‌സ് സഭാ മാനേജിംഗ് കമ്മറ്റി യോഗം തീരുമാനിച്ചു. കോലഞ്ചേരി പള്ളി പ്രശ്‌നത്തില്‍ 15 ദിവസത്തിനുള്ളില്‍ സമാവായം ഉണ്ടാക്കുമെന്ന് എറണാകുളം ജില്ലാ കലക്ടര്‍ ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വത്തിന് രേഖാമൂലം കത്ത് നല്‍കിയിരുന്നു. കത്തിന്റെ കാലാവധി ഈമാസം മൂന്നിന് അവസാനിച്ചു. പള്ളി തര്‍ക്കത്തില്‍ യാക്കോബായ വിഭാഗത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുന്ന സര്‍ക്കാരിനെതിരെ യോഗത്തില്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്.

വരുന്ന 23 വരെ കോടതിവിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ തീരുമാനത്തിന് കാത്തിരിക്കും. വീണ്ടും കാലതാമസം ഉണ്ടായാല്‍ തര്‍ക്കം നിലനില്‍ക്കുന്ന പള്ളികളില്‍ കയറി പ്രാര്‍ത്ഥന നടത്താന്‍ വിശ്വാസികളോട് നിര്‍ദേശിക്കാന്‍ യോഗത്തില്‍ ധാരണയുണ്ടായതായി അറിയുന്നു. ഇതുസംബന്ധിച്ച് ഓര്‍ത്തഡോക്‌സ് കത്തോലിക്ക ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ്  ദ്വിതീയന്റെ നേതൃത്വത്തിലുള്ള ആറംഗ കര്‍മ്മസമിതിയെ ചുമലപ്പെടുത്തി.

ഓര്‍ത്തഡോക്‌സ് സഭയില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കുന്നതിന് യോഗം അനുമതി നല്‍കി. അതേസമയം സഭാ പ്രശ്‌നം പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ രൂപവത്കരിച്ച മന്ത്രിസഭാ ഉപസമിതി നാലുതവണ ഇരുവിഭാഗങ്ങളുമായി ചര്‍ച്ച നടത്തിയെങ്കിലും ഒത്തുതീര്‍പ്പിന് വഴങ്ങാന്‍ ആരും തയാറായിട്ടില്ല. സ്വത്തിനും പണത്തിനും വേണ്ടി സഭാ നേതൃത്വങ്ങള്‍ പള്ളികളുടെ അവകാശതര്‍ക്കം നീട്ടികൊണ്ടുപോകുന്നതിനെ കഴിഞ്ഞ ദിവസം ഹൈക്കോടതിയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

3 Responses to “മന്ത്രിമാരെ സ്വാധീനിക്കണമെന്ന് പാത്രിയാര്‍ക്കീസ് ബാവയുടെ കത്ത്”

 1. J.S. Ernakulam.

  ബഹുമാനപ്പെട്ട ബാവേ, ഇതും ബൈബിളില്‍ പറഞ്ഞിട്ടുല്ലതാണോ????

  കോടിക്കണക്കിനു രൂപ മാസവരുമാനമുള്ളതും, വളരെ ചെറിയ

  നികുതി കൊടുക്കുന്നവരുമായ മതനേതാക്കള്‍

  സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കുവേണ്ടി അല്മയരെ ദുരുപയോഗ

  പെടുത്തരുത്.

 2. ശുംഭന്‍

  മന്ത്രിമാരെ സ്വാധീനിക്കുന്നതില്‍ വലിയ വിവാദത്തിന്റെ ഒന്നും ആവശ്യമില്ല. ഇന്ത്യന്‍ ജനാധിപത്യത്തില്‍ അനൌദ്യോഗികമായി അംഗീകരിക്കപ്പെട്ട ഒരു സാധാരണ കാര്യം, അത്രേയുള്ളൂ.

 3. Manojkumar.R

  മത പുരോഹിതന്മാരുടെ ഒരു ഗതികേട് നോക്കണേ!അവര്‍ കുഞ്ഞാടുകള്‍ക്ക് വേണ്ടി കര്‍ത്താവിനു മുന്നില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്നത്‌ നമുക്ക് മനസ്സിലാക്കാം.എന്നാല്‍ മന്ത്രിമാരെ സ്വാധീനിക്കണമെന്നു ഇത്ര നിര്‍ലജ്ജം പറയേണ്ടിവരുമ്പോള്‍ അവര്‍ എന്ത് മാത്രം താഴേക്ക്‌ പോകുന്നു. കര്‍ത്താവിനോടു മുട്ടിപ്പായി പ്രാര്‍ത്ഥിച്ചാല്‍ കാര്യങ്ങള്‍ക്കു നിവര്‍ത്തി ഉണ്ടാവില്ലെന്ന് അവര്‍തന്നെ സഭയുടെ മുന്നില്‍ സമ്മതിക്കുകയാണ് ചെയ്യുന്നത്.മന്ത്രിമാരുടെ സഹായമില്ലാതെ കര്‍ത്താവിനു പോലും ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് പറയുന്ന ഇവര്‍ എന്താണ് ഇത്രമാത്രം വലിയ കാര്യം സഭയ്ക്ക് വേണ്ടി നേടിയെടുക്കാന്‍ ഉദേശിക്കുന്നത്?….വിശ്വാസികളെ ഭൌതികമായ ആശ പാശങ്ങളില്‍ നിന്ന് വേര്‍പെടുത്തി ദൈവത്തില്‍ മനസ്സ് വെക്കാന്‍ ഉദ്ബോധിക്കെണ്ടാവരാന് മന്ത്രിമാരുടെ കാലു പിടിക്കണമെന്ന് താണ്‌ കേണു അപേക്ഷിക്കുന്നത്! “ആകാശത്തിലെ പറവകളെ നോക്കു, അവ വിതയ്ക്കുന്നില്ല കൊയ്യുന്നില്ല കളപ്പുരകള്‍ ശേഖരിക്കുന്നില്ല” എന്ന് നമ്മെ പഠിപ്പിച്ച യേശുദേവന്റെ അപദാനങ്ങള്‍ വഴ്തെണ്ടാവര്‍ തന്നെയാണോ ഈ നേടിയെടുക്കലിനു ആഹ്വാനം നല്‍കുന്നത്?തന്റെ അംഗ വസ്ത്രം പോലും ഇല്ലാത്തവനായി സമര്‍പ്പിച്ച ക്രിസ്തു ദേവന് മുന്നില്‍ നമുക്ക് സഭാധ്യക്ഷ്ന്മാര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം! കര്‍ത്താവെ , ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ക്ക് തന്നെ അറിയില്ല. ഇവരോട് പൊറുക്കേണമേ….

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.