ന്യൂദല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് രാഷ്ട്രപതി ഭവനില്‍ ആചാരപരമായ വരവേല്‍പ്പ്. രാവിലെ 9.45 ന് രാഷ്ട്രപതിഭവനിലെത്തിയ ബരാക് ഒബാമയെയും ഭാര്യ മിഷേലിനെയും രാഷ്ട്രപതി സ്വീകരിച്ചു. തുടര്‍ന്ന് ഒബാമ സൈന്യം നല്‍കിയ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു.

ഒബാമയും മന്‍മോഹന്‍സിംഗും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ച ഹൈദരാബാദ് ബംഗ്ലാവില്‍ ആരംഭിച്ചിട്ടുണ്ട്. വിവിധ നയതന്ത്രവിഷയങ്ങള്‍ ഇരുനേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തും. പ്രതിരോധം, ശാസ്ത്ര-സാ്‌ങ്കേതിക വിദ്യ, വിദ്യാഭ്യാസം, വാണിജ്യം എന്നീ രംഗങ്ങളിലെ വിവിധകരാളുകളില്‍ ഇരുനേതാക്കളും ഒപ്പുവച്ചേക്കും.

പ്രധാനമന്ത്രി, രാഷ്ട്രപതി എന്നിവരെക്കൂടാതെ ഗുരുചരണ്‍ കൗര്‍, പ്രതിരോധ മന്ത്രി എ കെ ആന്റണി, ധനകാര്യമന്ത്രി പ്രണാബ് മുഖര്‍ജി, വിദേശകാര്യമന്ത്രി എസ് എം കൃഷ്ണ തുടങ്ങിയവരും ഒബാമയെ സ്വീകരിക്കാനായി എത്തിയിരുന്നു. രാഷ്ട്രപതിഭവനിലെ സ്വീകരണത്തിനുശേഷം ഒബാമ രാജ്ഘട്ടിലെത്തി പുഷ്പ്പാര്‍ച്ചന നടത്തി.