സ്‌പെഷ്യല്‍ കരസ്‌പോണ്ടന്റ്

രാജ്യത്തെ അധികാര ഇടനാഴികളിലെ കാല്‍പെരുമാറ്റം നിശ്ചയിക്കുന്നതില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍ണ്ണായകമായ പങ്കുണ്ട്. വസ്തുതകളെ ജനങ്ങളുടെ കോടതിക്ക് മുമ്പിലെത്തിക്കുകയും ന്യായന്യായങ്ങള്‍ നോക്കി ജനങ്ങള്‍ക്ക് വിധി തീര്‍പ്പ് കല്‍പ്പിക്കാന്‍ അവസരമൊരുക്കുന്നതിലുമാണത്. എന്നാല്‍ ദല്‍ഹിയില്‍ അധികാരക്കസേരക്ക് വേണ്ടി നടത്തുന്ന ലേലം വിളിയിലും വിലപേശലിലും മാധ്യമപ്രവര്‍ത്തകര്‍ നേരിട്ടിടപെടുന്നത് ഞെട്ടിക്കുന്നതാണ്.

എന്‍.ഡി.ടി.വി എഡിറ്റര്‍ ബര്‍ക്കാ ദത്തും ദല്‍ഹിയിലെ കോര്‍പറേറ്റ് ലോബിയിങ് വനിതയായ നിരാ റാഡിയയുമായി നടത്തുന്ന സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്. ഓപണ്‍ മാഗസിനാണ് ഫോണ്‍ സംഭാഷണത്തിന്റെ ടേപ്പ് പുറത്ത് വിട്ടത്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടിയാണ് ബര്‍ക്ക രംഗത്തെത്തുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസ് അഡൈ്വസറി എഡിറ്റോറിയല്‍ ഡയരക്ടര്‍ വീര്‍ സാങ്‌വി, രത്തന്‍ ടാറ്റ, മുന്‍ ടെലികോം മന്ത്രി എ രാജ എന്നിവര്‍ നീര റാഡിയയുമായി നടത്തുന്ന സംഭാഷണങ്ങളും പുറത്ത് വന്നിട്ടുണ്ട്.

2009 മെയിലാണ് ബര്‍ക്ക ദത്തും റാഡിയയുമായി സംഭഷണം നടക്കുന്നത്. 2008 മുതല്‍  റാഡിയയുടെ ഫോണ്‍ കോളുകള്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ചോര്‍ത്തുകയായിരുന്നു. ഇങ്ങിനെ ചോര്‍ത്തിയ സംഭാഷണങ്ങളില്‍ നിന്നാണ് മാധ്യമപ്രവര്‍ത്തകരുടെ ഇടപെടല്‍ പുറത്ത് വന്നത്.

2009 തിരഞ്ഞെടുപ്പില്‍ ഡി.എം.കെക്ക് നല്‍കേണ്ട മന്ത്രിസ്ഥാനങ്ങള്‍ സംബന്ധിച്ചുണ്ടായ തര്‍ക്കം പരിഹരിക്കാനാണ് ബര്‍ക്കാദത്ത് ഇടപെടുന്ന ലോബീയിങ് നടക്കുന്നത്. തര്‍ക്കത്തില്‍ കോണ്‍ഗ്രസിന് വേണ്ടിയാണ് ബര്‍ക്ക ഇടപെടുന്നത്. വിവാദമായ ടു ജി സ്‌പെക്ട്രം കരാറുകള്‍ ടെലികോം കമ്പനികള്‍ക്ക് എങ്ങിനെ നല്‍കിയെന്ന വിവരങ്ങള്‍ സംഭാഷണത്തിലൂടെ പുറത്ത് വരുന്നുണ്ട്. ഈ രേഖകള്‍ ഇപ്പോള്‍ സുപ്രീം കോടതിയുടെ കൈവശമാണുള്ളത്.

അധികാരത്തിന്റെ ലേലം വിളിയിലുള്ള മാധ്യമപ്രവര്‍ത്തകരുടെ ഈ ഇടപെടലാണ് 1.76 ലക്ഷം കോടി രൂപയുടെ ടു ജി സ്‌പെക്ട്രം അഴിമതി ഇത്രയും കാലം പുറം ലോകം അറിയാതിരുന്നതിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രീയ നേതൃത്വവും കോര്‍പറേറ്റ് സ്ഥാപനങ്ങളും ജുഡീഷ്യറിയും മാധ്യമ നേതൃത്വവും അത്രമാത്രം ഇറങ്ങിക്കളിച്ച മറ്റൊരു കുംഭകോണം ഇന്ത്യയില്‍ വേറെ ഉണ്ടായിരിക്കില്ലെന്ന് ടുജി സ്‌പെക്ട്രം അഴിമതി പുറത്ത് കൊണ്ടു വന്ന ദി പയ്‌നീര്‍ പത്രത്തിന്റെ ദല്‍ഹി റിപ്പോര്‍ട്ടര്‍ ഗോപികൃഷ്ണന്‍ പറയുന്നുണ്ട്.

ടെലിവിഷന്‍ ചാനലുകള്‍ മറച്ചുപിടിക്കാന്‍ മത്സരിച്ച റിപ്പോര്‍ട്ടുകള്‍ പയനീര്‍ നല്‍കിയപ്പോള്‍ രാജയും കൂട്ടരും പ്രീണനത്തിന്റെ വൃത്തികെട്ട അധ്യായം വരെ പുറത്തെടുക്കുകയുണ്ടായെന്ന് ഗോപീകൃഷ്ണന്‍ പറയുന്നു.

എന്നാല്‍ എന്‍.ഡി.ടി.വി ബര്‍ക്ക ദത്തിനെ ന്യായീകരിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ഒരു മാധ്യമപ്രവര്‍ത്തകയെന്ന നിലയില്‍ അവര്‍ ഇത്തരം ഫോണ്‍ സംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ തെറ്റില്ലെന്നാണ് എന്‍.ഡി.ടി.വിയുടെ വിശദീകരണം.