ന്യൂദല്‍ഹി:  മുംബൈയിലെ ബാബാ അറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ ദൃശ്യങ്ങള്‍ ഹെഡ്‌ലി പകര്‍ത്തിയതായി റിപ്പോര്‍ട്ട്. ചിക്കാഗോയില്‍ ഹെഡ്‌ലിയെ ചോദ്യം ചെയ്ത അന്വേഷണ ഉദ്യോഗസ്ഥരോടാണ് ഹെഡ്‌ലി ഈ കാര്യം പറഞ്ഞത്.

ഐ.എസ്.ഐയിലെ ഹെഡ്‌ലിയുടെ സഹായി മേജര്‍ ഇഖ്ബാല്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് താന്‍ ദൃശ്യങ്ങള്‍ എടുത്തതെന്നാണ് ഹെഡ്‌ലി പറഞ്ഞത്.ഇതിനായി മൊബൈല്‍ ക്യാമറയും കുറച്ച് കള്ളനോട്ടുകളും കൈപ്പറ്റിയിരുന്നു. മുബൈയിലെത്തി ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇഖ്ബാലിന് നല്‍കിയതായും ഹെഡ്‌ലി വെളിപ്പെടുത്തി.

എന്നാല്‍ ലഷ്‌കര്‍ ഇ ത്വയ്ബയിലുള്ളവര്‍ക്ക് ഇത് കൈമാറിയില്ലെന്നാണ് ഹെഡ്‌ലി വ്യക്തമാക്കിയത്. ലഷ്‌കര്‍ ഭീകരരുമായി ഐ.എസ്.ഐക്ക് ബന്ധമുണ്ടെന്ന് ഹെഡ്‌ലി നേരത്തേ വെളിപ്പെടുത്തിയിരുന്നു. ആക്രമണങ്ങള്‍ക്കുളള സാമ്പത്തിക സഹായ നല്‍കുന്നത് ഐ.എസ.ഐയാണെന്നുളള ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

മുംബൈ ആക്രമണത്തെ കുറിച്ച് അമേരിക്കയെ നേരത്തെ അറിയിച്ചതായി ഹെഡ്‌ലിയുടെ ഭാര്യമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് തീരുമാനമായിട്ടുണ്ട്.