ന്യൂദല്‍ഹി: അനുരാഗ് ബസു എന്ന സംവിധായകന്റെ മാന്ത്രിക കരങ്ങള്‍ ബോളിവുഡിന് വീണ്ടും തിളക്കങ്ങള്‍ സമ്മാനിക്കുന്നു. വ്യത്യസ്തമാര്‍ന്ന പ്രമേയവുമായി തിരശ്ശീലയില്‍ വന്ന ബര്‍ഫി വെറും പത്ത് ദിവസം കൊണ്ട് നേടിയെടുത്തത് 100 കോടി രൂപയാണ്!

ബോക്‌സ് ഓഫീസിലെ എല്ലാ റെക്കോഡുകളും തകര്‍ത്തുകൊണ്ടാണ് ബര്‍ഫിയുടെ മുന്നേറ്റം. മികച്ച വിദേശ ചിത്ര  കാറ്റഗറിയിലും ഓസ്‌ക്കാര്‍ നോമിനേഷനിലും നിര്‍ദ്ദേശിക്കപ്പെട്ട ചിത്രം കുറഞ്ഞ ദിവസം കൊണ്ട് നൂറ് കോടി ക്ലബ്ബില്‍ കയറിയത് ചിത്രത്തിന്റെ മികവ് വിളിച്ചോതുന്നതാണ്.

Ads By Google

രണ്‍ബീര്‍ കപൂറും പ്രിയങ്ക ചോപ്രയും തകര്‍ത്തഭിനയച്ച ചിത്രം ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി കഴിഞ്ഞു. ചിത്രത്തിന്റെ വിജയം തങ്ങള്‍ പ്രതീക്ഷിച്ചിരുന്നതാണെന്നും സിനിമയെ ഏറ്റെടുത്ത ആരാധകരോട് നന്ദിയുള്ളതായും ബര്‍ഫിയുടെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.

‘ബര്‍ഫിയെപ്പോലെ വ്യത്യസ്തമാര്‍ന്ന പ്രമേയമുള്ള ചിത്രങ്ങളാണ് ബോളിവുഡില്‍ വരേണ്ടത്. വ്യത്യസ്ത ആഗ്രഹിക്കുന്നവരാണ് പ്രേക്ഷകര്‍. അവര്‍ ആഗ്രഹിക്കുന്നത് നല്‍കുന്നവരായിരിക്കണം താരങ്ങളും സംവിധായകരും’-രണ്‍ബീര്‍ പറഞ്ഞു.

ബര്‍ഫി നൂറ് കോടിയും കഴിഞ്ഞ് മുന്നേറുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും കരിയറിലെ മികച്ച ചിത്രമായി ബര്‍ഫിയെ കാണുന്നെന്നും സംവിധായകന്‍ അനുരാഗ് ബസു പ്രതികരിച്ചു.