മധുര: തമിഴ്‌നാട്ടിലെ ക്ഷേത്രത്തില്‍ പെണ്‍കുട്ടികളെ മാറു മറക്കാതെ ദേവതകളാക്കുന്ന ആചാരത്തില്‍ ജില്ലാ ഭരണകൂടം ഇടപെട്ടു. ക്ഷേത്രാചാരം വിവാദമായതോടെയാണ് കലക്ടര്‍ വീര രാഘവ റാവു ആചാരം നിര്‍ത്തലാക്കാന്‍ ഉത്തരവിട്ടത്. മാറ് മറക്കുന്ന വസ്ത്രം ധരിച്ച് തന്നെയാണ് പെണ്‍കുട്ടികള്‍ ക്ഷേത്രത്തിലെത്തുന്നതെന്ന് ഉറപ്പു വരുത്താനാണ് കലക്ടറുടെ നിര്‍ദേശം


Also Read: യുവതികളുടെ മര്‍ദ്ദനത്തിനിരയായ ഡ്രൈവര്‍ക്കെതിരെ കേസെടുത്തത് അന്വേഷിക്കാന്‍ ഉത്തരവ്


ക്ഷേത്രാചാരത്തിന്റെ പേരില്‍ ക്ഷേത്ര പൂജാരിക്കും സഹായികള്‍ക്കും മുമ്പിലൂടെ മാറ് മറയ്ക്കാതെ പെണ്‍കുട്ടികള്‍ പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ആചാരം വിവാദമാകുന്നത്. അരയ്ക്ക് മുകളില്‍ ആഭരണങ്ങള്‍ മാത്രം ധരിച്ച രീതിയിലായിരുന്നു പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍.

ക്ഷേത്രത്തിലെ വാര്‍ഷിക ആചാരത്തിന്റെ ഭാഗമായിട്ടാണ് പെണ്‍കുട്ടികളെ മാറുമറയ്ക്കാതെ ക്ഷേത്രത്തിലേക്ക് അയക്കുന്നത്. ഒരു പുരുഷപൂജാരിയുടെ സംരക്ഷണത്തില്‍ 15 ദിവസമാണ് ഇവര്‍ ചെലവഴിക്കുക. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ മാത്രമായിരുന്നു ആചാരത്തില്‍ പങ്കെടുപ്പിച്ചിരുന്നത്.

ഏഴു വ്യത്യസ്ത ഗോത്രങ്ങളില്‍ നിന്നാണ് ഇതിനായി പെണ്‍കുട്ടികളെ തെരഞ്ഞെടുത്തിരുന്നത്. എല്ലാ വര്‍ഷവും നടക്കുന്ന ആചാരത്തില്‍ വ്യത്യസ്ത പെണ്‍കുട്ടികളായാണ് തെരഞ്ഞെടുത്തിരുന്നത്. ഓണ്‍ലൈന്‍ മാധ്യമമായ കോവൈ പോസ്റ്റായിരുന്ന ആചാരത്തിന്റെ വീഡിയോ സഹിതം വാര്‍ത്ത പുറത്ത് വിട്ടത്.


Dont Miss: സംഘപരിവാര്‍ വിലക്ക് വിലപ്പോയില്ല; ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ അബ്രാഹ്മണന്‍ തന്നെ പൂജ ചെയ്യും


പരമ്പരാഗതമായി അനുഷ്ഠിച്ചുപോരുന്ന ആചാരമാണെന്ന പേരില്‍ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ തന്നെയാണ് കുട്ടികളെ ആചാരത്തിന് നിര്‍ബന്ധിക്കുന്നതെന്ന് കലക്ടര്‍ കെ. വീര രാഘവ റാവു പറഞ്ഞു. പെണ്‍കുട്ടികള്‍ വസ്ത്രം ധരിക്കണമെന്ന് ഞങ്ങള്‍ ഗ്രാമത്തിലുള്ളവരെ അറിയിച്ചെന്നും അവര്‍ക്ക് അവരുടെ വസ്ത്രങ്ങള്‍ക്ക് മേല്‍ ആഭരണങ്ങള്‍ ധരിക്കാമെന്നും കലക്ടര്‍ വ്യക്തമാക്കി.