എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യയില്‍ ഫുട്‌ബോള്‍ സ്‌കൂള്‍ സ്ഥാപിക്കാന്‍ ബാഴ്‌സലോണ
എഡിറ്റര്‍
Friday 18th May 2012 10:00am

ന്യൂദല്‍ഹി: ഇന്ത്യയില്‍ ഒരു ഫുട്‌ബോള്‍ സ്‌കൂള്‍ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് ബാഴ്‌സലോണ. ലോകത്താകമാനമുള്ള ബാഴ്‌സലോണയുടെ കോച്ചിംഗ് സെന്റര്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലും ഫുട്‌ബോള്‍ സ്‌കൂള്‍ സ്ഥാപിക്കുന്നത്.

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പതിനായിരം യുവാക്കള്‍ക്ക് പരിശീലനം നല്‍കി മികച്ച താരങ്ങളാക്കിയെടുക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ബാഴ്‌സലോണയുടെ ഇന്ത്യയിലെ ഫു്ട്‌ബോള്‍ സ്‌കൂളിന്റെ മേല്‍നോട്ടച്ചുമതല എഫ്.സി.ബി.ഇ സ്‌കോലയ്ക്കാണ്.

ആറ് വയസ്സിനും പതിനാല് വയസ്സിനും ഇടയില്‍ പ്രായമുള്ള 300 കുട്ടികളെ ക്ലബ് വിളിച്ചിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ ദല്‍ഹിയില്‍ ഫുട്‌ബോള്‍ സ്‌കൂള്‍ സ്ഥാപിക്കാനാകുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്.

വൈകാതെ തന്നെ ഇന്ത്യയിലെ മെട്രോ നഗരങ്ങളായ മുംബൈ, ബാംഗ്ലൂര്‍, കല്‍ക്കത്ത, ഗോവ, പൂനെ, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിലും ഫുട്‌ബോള്‍ സ്‌കൂള്‍ സ്ഥാപിക്കാന്‍ ആലോചിക്കുന്നുണ്ട്.

ഇത് തങ്ങളുടെ ഒരു സ്വപ്‌ന പദ്ധതിയായിരുന്നെന്ന് എഫ്.സി.ബി.സി സ്‌കോല ഡയരക്ടര്‍ സെവി മാഴ്‌സ് പറഞ്ഞു. കുട്ടികള്‍ക്കായി മികച്ച പരിശീലകരേയും കളിക്കാരേയുമാണ് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ക്രിക്കറ്റിനോട് കൂടുതല്‍ താത്പര്യം കാണിച്ചിരുന്ന ഇന്ത്യയിലെ ആളുകള്‍ക്കിടയില്‍ അടുത്ത കാലത്തായി ഫുട്‌ബോളിനോടുള്ള ആരാധനയും ആവേശവും കൂടിയിട്ടുണ്ടെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഫിഫ റാങ്കിംഗില്‍ 164 ാം സ്ഥാനമാണ് നിലവില്‍ ഇന്ത്യയ്ക്കുള്ളത്.

ഫിഫയുടെ അംഗീകാരത്തോടെ കൊല്‍ക്കത്ത മുംബൈ ബാംഗ്ലൂര്‍ ന്യൂദല്‍ഹി തുടങ്ങിയ സ്ഥലങ്ങളില്‍ ഫുട്‌ബോള്‍ അക്കാദമി സ്ഥാപിക്കാനും ബാഴ്‌സലോണ തയ്യാറെടുക്കുന്നുണ്ട്.

Advertisement