ബാഴ്‌സലോണ: ബാഴ്‌സലോണയുടെ സുവര്‍ണകാലത്തിന് അവസാനം കുറിച്ച് സൂപ്പര്‍കോച്ച്  പെപ് ഗാര്‍ഡിയോള ടീം വിട്ടു. ഫ്രാന്‍സസ്് ടിറ്റോ വിലാനോവയെ പുതിയ കോച്ചായി ക്ലബ് അധികൃതര്‍ നിയമിച്ചു.

2011 ല്‍ മികച്ച പരിശീലകനുള്ള പുരസ്‌കാരം നേടിയ ഗാര്‍ഡിയോളയടെ ശിക്ഷണത്തില്‍ രണ്ട് ചാമ്പ്യന്‍സ് ലീഗും മൂന്ന് സ്പാനിഷ് ലീഗും ഉള്‍പ്പെടെ 13 കിരീടങ്ങളാണ് ബാഴ്‌സലോണ സ്വന്തമാക്കിയത്. യുവേഫ സൂപ്പര്‍ കപ്പ് (2), ഫിഫ ക്ലബ് വേള്‍ഡ് കപ്പ് (2), സ്പാനിഷ് കപ്പ് (1), സൂപ്പര്‍ കപ്പ് (3) എന്നിവയും ന്യൂ കാമ്പിലെത്തിക്കാന്‍ ഗാര്‍ഡിയോളയ്ക്കും സംഘത്തിനുമായി.

ചെറുകിട ക്‌ളബുകളിലൂടെ കളി തുടങ്ങിയ വിലാനോവ 2002ല്‍ സജീവ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. പിന്നീട് പരിശീലകനാവുകയായിരുന്നു. 2007ല്‍ ബാഴ്‌സയുടെ യൂത്ത് ടീമിനെ പരിശീലിപ്പിച്ചത് ഇദ്ദേഹമായിരുന്നു.

ചാമ്പ്യന്‍സ് ലീഗില്‍ ചെല്‍സിയോട് തോറ്റ് പുറത്താവുകയും സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് പിന്നിലാവുകയും ചെയ്ത ബാഴ്‌സയ്ക്ക് മറ്റൊരു തിരിച്ചടിയാവുകയാണ് ഗാര്‍ഡിയോളയുടെ പടിയിറക്കം.