യോക്കോഹാമ (ജപ്പാന്‍): എതിരില്ലാത്ത നാലു ഗോളുകള്‍ക്കു സാന്റോസിനെ നാമാവശേഷമാക്കി ബാഴ്‌സലോണ വീണ്ടും ക്ലബ് ലോകക്കപ്പ് കിരീടം ചൂണ്ടി. ലോക ഫുട്‌ബോളിലെ രാജാവെന്ന് വീണ്ടും തെളിയിച്ച ലയണല്‍ മെസ്സിയുടെ വകയാണ് രണ്ട് ഗോളുകള്‍. സാവിയും ഫാബ്രിഗാസുമാണ് മറ്റു രണ്ടു ഗോളുകള്‍ നേടിയത്. 2009ലാണ് ബാഴ്‌സ ആദ്യമായി ചാമ്പ്യരായത്.

Subscribe Us:

മെസിയും സാന്റോസിന്റെ നെയ്മറും തമ്മിലുള്ള പോരാട്ടം എന്ന നിലയില്‍ ഈ ഫൈനല്‍ ഫുട്‌ബോള്‍ ആരാധകര്‍ ആകാംഷയോടെയാണ് കാത്തിരുന്നത്. എന്നാല്‍ മെസ്സി കളം നിറഞ്ഞ് കളിച്ചപ്പോള്‍ ഒരു നിഴല്‍ മാത്രമായി നെയ്മര്‍ ചുരുങ്ങി.

പതിനേഴാം മിനിറ്റില്‍ സാവിയുടെ പാസാണ് മെസ്സി ഗോളാക്കി മാറ്റിയത്. രണ്ടാമത്തെ ഗോള്‍ മെസിയുടെ പാസില്‍ സാവിയാണ് നേടിയത്. ഇതോടെ കളത്തില്‍ ബാഴ്‌സയുടെ സര്‍വാധിപത്യമായി. ഇടവേളയ്ക്കു പിരിയുന്നതിനു നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ ഫാബ്രിഗാസ് ബാഴ്‌സക്ക് വേണ്ടി മൂന്നാമതും ഗോള്‍നേടി. കളി തീരാന്‍ എട്ട് മിനിറ്റ് ശേഷിക്കെ മെസ്സി ഒരിക്കല്‍ക്കൂടി ഗോള്‍ നേടി. ഡാനി ആല്‍വസിന്റെ പാസാണ് മെസ്സി ലക്ഷ്യത്തിലെത്തിച്ചത്.

ജപ്പാന്‍ ക്ലബ് കഷിവ റെയ്‌സോളിനെ നേരത്തെ ബാഴ്‌സയോട് ഏകപക്ഷീയമായ നാലു ഗോളിന് തോറ്റ അല്‍സാദ് ഷൂട്ടൗട്ടില്‍ 5-3ന് കീഴ്‌പ്പെടുത്തി മൂന്നാം സ്ഥാനക്കാരായി.

Malayalam News
Kerala News in English