മാഡ്രിഡ്: സ്വന്തം തട്ടകമായ നൗകാമ്പില്‍ നടന്ന മല്‍സരം 1-1 സമനിലയില്‍ അവസാനിച്ചതോടെ റയല്‍ മാഡ്രിനെ പൊളിച്ചടുക്കി ബാര്‍സലോണ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ കടന്നു. ഇരുപാദങ്ങളിലുമായി 3-1 എന്ന ഗോള്‍നേട്ടത്തോടെയാണ് ബാര്‍സ ഫൈനലിലെത്തിയത്.

ആദ്യപാദമല്‍സരത്തില്‍ റയലിനെ രണ്ട് ഗോളിന് തകര്‍ത്തുവിട്ടതിന്റെ ആവേശവുമായിട്ടാണ് ബാര്‍സ കളിക്കാനിറങ്ങിയത്. എന്നാല്‍ അത് കളിക്കളത്തില്‍ പ്രകടനത്തില്‍ ദൃശ്യമായിരുന്നില്ല. മികച്ച ആക്രമണമായിരുന്നു റയല്‍ കാഴ്ച്ചവെച്ചത്. ആദ്യപകുതിയില്‍ ഇരുടീമുകള്‍ക്കും ഗോള്‍ നേടാനായില്ല.

രണ്ടാം പകുതിയിലായിരുന്നു കളിയിലെ ആദ്യഗോള്‍ വന്നത്. അമ്പത്തിനാലാം മിനുറ്റില്‍ ബാര്‍സയുടെ പെഡ്രോയാണ് ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ പത്തുമിനുറ്റിനുശേഷം മാര്‍സെലോയിലൂടെ റയല്‍ തിരിച്ചടിച്ചു. വിജയഗോളിനായി റയല്‍ മാഡ്രിഡ് കിളഞ്ഞുശ്രമിച്ചെങ്കിലും നടന്നില്ല.