മാഡ്രിഡ്: ബാഴ്‌സലോണയും റയല്‍ മാഡ്രിഡും സ്പാനിഷ് ലീഗില്‍ തകര്‍പ്പന്‍ വിജയം നേടി. കെല്‍റ്റ വിഗൊയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബാഴ്‌സലോണ സ്വന്തം തട്ടകമായ ന്യൂകാമ്പില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ചത്. റയല്‍ മാഡ്രിഡ് റയല്‍ സരഗോസയെ എതിരില്ലാത്തെ നാലു ഗോളുകള്‍ക്കു കീഴടക്കിയാണ് മുന്നോട്ടുള്ള കുതിപ്പ് തുടരുന്നത്.

Ads By Google

113 വര്‍ഷത്തെ ചരിത്രമുള്ള സ്പാനിഷ് ലീഗില്‍ ഗംഭീരപ്രകടനമാണ് ശനിയാഴ്ച കെറ്റലന്‍ ക്ലബ്ബായ ബാഴ്‌സ കാഴ്ച വെച്ചത്. പത്ത് റൗണ്ടില്‍ നിന്നും ഒമ്പത് വിജയത്തോടെ 28 പോയിന്റുമായി ബാഴ്‌സലോണ ഒന്നാം സ്ഥാനത്താണുള്ളത്. 21 ാം മിനിറ്റില്‍ അഡ്രിയാനോയും 26 ാം മിനിറ്റില്‍ ഡേവിഡ് വിയ്യയും ബാഴ്‌സയ്ക്കു വേണ്ടി ഗോള്‍ നേടി. 24-ാം മിനിറ്റില്‍ മരിയോ ബെര്‍മജോ ഒരു ഗോള്‍ മടക്കിയെങ്കിലും തുടര്‍ന്ന് അത്തരമൊരു നീക്കം ലക്ഷ്യത്തിലെത്തിക്കാനായില്ല. മരിയോ ബെര്‍മജോ നേടിയ ഒരു ഗോളാണ് കെല്‍റ്റ വിഗൊയ്ക്കു ആശ്വാസമായത്.

ആദ്യ പകുതിയില്‍ 2-1 ന് മുന്നിട്ട് നിന്ന ബാഴ്‌സലോണ രണ്ടാം പകുതിയില്‍ ഒരു ഗോള്‍ കൂടി വലയിലെത്തിച്ചു. 61-ാം മിനിറ്റില്‍ ജോര്‍ഡി ആല്‍ബയിലാണ് ബാഴ്‌സയുടെ ഗോള്‍വേട്ട പൂര്‍ത്തിയാക്കിയത്. വെള്ളിയാഴ്ച പിറന്ന മെസ്സിയുടെ മകന് ബാഴ്‌സലോണയുടെ ആദ്യസമ്മാനം കൂടിയാണ് ഈ വിജയം.

റയല്‍ സരഗോസയെ ഒന്നുമല്ലാതാക്കി തകര്‍ത്തായിരുന്നു സാന്റിയാഗൊ ബര്‍ണബ്യുവില്‍ റയല്‍ മാഡ്രിഡിന്റെ വിജയം. അടുത്തടുത്തായി ഗോണ്‍സാലോ ഹിഗ്വിനും എയ്ഞ്ജല്‍ ഡി മരിയ ആദ്യപകുതിയില്‍ നേടിയ ഗോളുകള്‍ റയല്‍ മാഡ്രിഡിനെ ശക്തമായ നിലയിലെത്തിച്ചു. തുടര്‍ന്ന് രണ്ടാ പകുതിയില്‍ മൈക്കിള്‍ ഇസിന്‍, ലൂക്ക മൊഡ്രിക് എന്നിവരും ഗോള്‍ നേടിയതോടം സരഗോസയുടെ പതനം പൂര്‍ത്തിയായിരുന്നു. അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും അതിലൊന്നുപോലും മുതലാക്കാന്‍ സരഗോസയ്ക്കു കഴിഞ്ഞില്ല. ഈ വിജയത്തോടെ 20 പോയിന്റുമായി റയല്‍ മാഡ്രിഡ് മൂന്നാം സ്ഥാനത്താണ്.