മാണ്ട്യ (കര്‍ണ്ണാടക): ബാര്‍ബറും പിതാവും ചേര്‍ന്ന് താടി വടിക്കാനെത്തിയ ദളിതന്റെ മൂക്ക് ചെത്തി. മലവല്ലി താലൂക്കിലെ കിരുഗവളു എന്ന സ്ഥലത്താണ് സംഭവം നടന്നത്.

51 കാരനായ ചിക്കമഞ്ചയ്യ എന്ന ദളിതനാണ് അക്രമത്തിനിരയായത്. താടി വടിക്കാന്‍ കടയിലെത്തിയ ദളിതനോട് ബാര്‍ബറായ മഹാദേവും അദ്ദേഹത്തിന്റെ പിതാവ് മാരിയയ്യയും പുറത്തുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും ചിക്കമഞ്ചയ്യ വഴങ്ങിയില്ല. ഇതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനൊടുവില്‍ മാരിയയ്യ ചിക്കമഞ്ചയ്യയുടെ കൈകള്‍ കൂട്ടിപ്പിടിക്കുകയും മഹാദേവ് മൂക്ക് ചെത്തുകയുമാണുണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചതിനെ തുടര്‍ന്ന് മൂക്ക് തുന്നിച്ചേര്‍ത്തു. ചിക്കമഞ്ചയ്യ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. പ്രതികള്‍ ഒളിവിലാണ്.

ഇവിടങ്ങളില്‍ പാവപ്പെട്ട ദളിതര്‍ക്ക് കടകളില്‍ പ്രവേശിക്കാനുള്ള അനുമതിയില്ല. പണക്കാരും ശക്തരുമായ ദളിതര്‍ക്കുമാത്രമേ ബാര്‍ബര്‍ ഷോപ്പുകളില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളൂ. തന്നെ ദ്രോഹിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും തൊട്ടുകൂടായ്മ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ചിക്കമഞ്ചയ്യ് പോലീസിനും ജില്ലാ ഭരണാധികാരിക്കും പരാതി നല്‍കി.

ചിക്കമഞ്ചയ്യ സുഖം പ്രാപിച്ചുവരികയാണെന്നും അദ്ദേഹത്തിന് പഴയപോലെ ശ്വസിക്കാമെന്നും ഡോക്ടര്‍ പ്രകാശ് അറിയിച്ചു. ഡി.വൈ.എസ്.പി ഉത്തപ്പ സംഭവത്തെക്കുറിച്ച് അന്വേഷിക്കും.