ശ്രീനഗര്‍: 22 കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാശ്മീരിലെ ബാരാമുള്ള ജില്ലയില്‍ പ്രതിഷേധം. റാഫിയാബാദിലെ ലേസര്‍ വില്ലേജില്‍ താമസിക്കുന്ന ആഷിക്ക് ഹസ്സന്‍ എന്ന യുവാവാണ് വെള്ളിയാഴ്ച രാത്രി വെടിയേറ്റു മരിച്ചത്. ആഷിക്കിനെ വെടിവെച്ചത് സായുധസേനയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഈ പ്രദേശത്ത് തീവ്രവാദികളുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് 32 രാഷ്ട്രീയ റൈഫില്‍സും പോലീസും സ്ഥലത്ത് തമ്പടിച്ചിട്ടുരുന്നുവെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവ് പറഞ്ഞു. ‘ രാത്രി ഒമ്പതുമണിക്ക് ഈ സ്ഥലത്ത് വെടിവെപ്പ് നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടെന്നും ഇതില്‍ യുവാവ് കൊല്ലപ്പെട്ടതാകാം. ഇരുട്ടിലാണ് ആക്രമണം നടന്നതെന്നതിനാല്‍ ഇത് സംബന്ധിച്ച വിശദീകരണം ലഭിച്ചിട്ടില്ല’ വക്താവ് വിശദീകരിച്ചു.

അതിനിടെ, യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വിശദാംശങ്ങള്‍ ശേഖരിച്ചു.

Kerala News In English