മെല്‍ബണ്‍: ബറാക് ഒബാമയുടെ യൗവ്വനകലാത്തെ ന്യൂയോര്‍ക്ക് പ്രണയത്തിന്റെ ചൂടുള്ള കഥകള്‍ വിവരിച്ച് മുന്‍ കാമുകിയുടെ പുസ്തകം. ഓസ്‌ത്രേലിയന്‍ നയതന്ത്ര പ്രതിനിധിയുടെ മകള്‍ ജെനിവൈവ് കുക്കാണു പഴയ കാമുകനുമൊത്തുള്ള പ്രണയ ജീവിതത്തിന്റെ ഡയറിക്കുറിപ്പുകള്‍ പുറത്തുവിട്ടത്.

ഡേവിഡ് മരാനിസ് ഒബാമയെക്കുറിച്ചെഴുതിയ ബറാക് ഒബാമ ദ സ്റ്റോറി, എന്ന പുസ്തകത്തില്‍ വിവരിക്കുന്ന ഈ പ്രണയകഥയുടെ ഭാഗങ്ങള്‍ വാനിറ്റി ഫെയര്‍ മാഗസിന്‍ പ്രസിദ്ധീകരിച്ചു.

എണ്‍പതുകളില്‍ ഇരുപത്തഞ്ചു വയസ്സുണ്ടായിരുന്ന കാമുകിയെക്കാള്‍ മൂന്ന് വയസിന് ഇളയതായിരുന്നു ഒബാമ. ഞായറാഴ്ചകളില്‍ പത്രത്തിലെ ക്രോസ് വേഡുകള്‍ പൂരിപ്പിക്കാന്‍ അമിതമായ ഉത്സാഹം കാട്ടുന്നയാളായിരുന്നു ഒബാമ. പ്രണയത്തില്‍ ഊഷ്മളത തുളുമ്പുന്ന ഒബാമയുടെ വ്യക്തിത്വത്തെക്കുച്ചു കുറിപ്പിലുണ്ട്.

‘ എനിക്കുറപ്പില്ല, ബുധനാഴ്ചകളിലാണെന്നു തോന്നുന്നു ഞങ്ങള്‍ ഒരുമിച്ചിരുന്ന് അത്താഴം കഴിക്കും. അദ്ദേഹമാണ് അത്താഴം പാചകം ചെയ്യുക. പിന്നെ ഞങ്ങള്‍ കിടപ്പുമുറിയില്‍ ഒരുമിച്ചിരുന്ന് സംസാരിക്കും. രാത്രി ഞാന്‍ ആ മുറിയില്‍ ചിലവഴിക്കും. ‘ പുസ്തകത്തില്‍ പറയുന്നു.

ഒബാമയുടെ സൗരഭ്യത്തെക്കുറിച്ചും മുന്‍കാമുകിക്ക് ഏറെ പറയാനുണ്ട്. ‘ ബറാക്ക് എപ്പോഴും പൂട്ടിയിടുന്ന മുറി ഞാന്‍ തുറക്കും. അദ്ദേഹത്തിന്റെ ശീലവും ഊര്‍ജ്ജസ്വലതയും സാന്നിധ്യവും വിളിച്ചോതുന്ന സുഗന്ധങ്ങള്‍ കൂടിച്ചേര്‍ന്ന ആ സ്വകാര്യമുറിയില്‍ ഞാന്‍ പ്രവേശിക്കും. അദ്ദേഹത്തിന്റെ വിയര്‍പ്പിന്റെയും സിഗരറ്റിന്റെയും സ്‌പ്രേയുടെയും ഭക്ഷണത്തിന്റെയും ശ്വാസത്തിന്റെയും ഗന്ധം എനിക്ക് അനുഭവപ്പെടാറുണ്ട്.’

കറുത്ത വര്‍ഗക്കാരനായതിനാല്‍ തന്റെ വംശീയ വേരുകളെക്കുറിച്ച് ഒബാമ അന്നേ ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ കറുത്തവനായി അറിയപ്പെടുക തന്നെയാണു ശരിയായ തീരുമാനം എന്നും പില്‍ക്കാലത്ത് ഉറച്ചമനസ്സോടെ ഒബാമ നിശ്ചയിച്ചു. 1983ലെ ക്രിസ്മസ് സായാഹ്നം ഒന്നിച്ചു ചിലവിട്ടതും നക്ഷത്രങ്ങള്‍ കണ്ണുചിമ്മാതിരുന്ന ആ രാത്രി ഒന്നിച്ചതും ഡയറിയിലുണ്ട്. ഒബാമയുടെ ഓര്‍മക്കുറിപ്പുകളിലും ന്യൂയോര്‍ക്കിലെ പഴയ കാമുകിയെക്കുറിച്ചു പരാമര്‍ശമുണ്ട്.  1985ല്‍ ആണ് ഇരുവരും പിരിഞ്ഞത്.

Malayalam News

Kerala News in English