ഗ്വാണ്ടനാമോ: ലോകത്തിന് മുന്നില്‍ അമേരിക്കയുടെ നിയമലംഘനത്തിന്റെ മുഖം; ഒബാമ
World
ഗ്വാണ്ടനാമോ: ലോകത്തിന് മുന്നില്‍ അമേരിക്കയുടെ നിയമലംഘനത്തിന്റെ മുഖം; ഒബാമ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th May 2013, 3:21 pm

[]വാഷിങ്ടണ്‍: ഗ്വാണ്ടനാമോ തടവറ ലോകത്തിന് മുന്നില്‍ അമേരിക്കയുടെ നിയമലംഘനത്തിന്റെ മുഖമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ.[]

ഗ്വാണ്ടനാമോ തടവറ പൂട്ടുമെന്നും ഒബാമ പറഞ്ഞു. ഗ്വാണ്ടനാമോയിലെ പീഡനങ്ങളില്‍ ഒബാമ ദു:ഖവും രേഖപ്പെടുത്തി. നാഷണല്‍ ഡിഫന്‍സ് യൂണിവേഴ്‌സിറ്റിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

“ഭീകരതയ്‌ക്കെതിരായി അമേരിക്ക യുദ്ധം പ്രഖ്യാപിച്ച്” പന്ത്രണ്ട് വര്‍ഷത്തിന് ശേഷം യുദ്ധത്തില്‍ ചിലകാര്യങ്ങള്‍ ഒഴിവാക്കാമായിരുന്നെന്നും ഒബാമ പറഞ്ഞു. തീവ്രവാദ സംഘടനകള്‍ക്കെതിരായി നടത്തുന്ന അക്രമങ്ങള്‍ സാധാരണക്കാരുടെ മരണത്തിനിടയാക്കിയെന്നും ഒബാമ കുമ്പസരിച്ചു.

ഡ്രോണ്‍ ആക്രമണങ്ങള്‍ ആത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമാക്കും. ഭീകരതയ്‌ക്കെതിരായ യുദ്ധം തുടരുമെങ്കിലും സാമ്പത്തിക-ആരോഗ്യ രംഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നതാണ് പൊതുജനാഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

ഭീകരതയ്‌ക്കെതിരായി യുദ്ധം ആരംഭിച്ചിട്ട് ഒരു പതിറ്റാണ്ടായെന്ന് പറഞ്ഞ ഒബാമ പ്രസംഗം അവസാനിപ്പിച്ചത് എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കണം എന്ന് പറഞ്ഞാണ്.

അമേരിക്കയുടെ ഭീകരവേട്ടയ്ക്കിടെ നടക്കുന്ന മനുഷ്യാവകാശ ധംസ്വനങ്ങള്‍ക്കെതിരെ ലോക വ്യാപകമായി പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്.