കൊച്ചി: സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തനസമയം വൈകീട്ട് അഞ്ച് മണിക്ക് ശേഷമാക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ സര്‍ക്കാറിന് പൊതുജനാഭിപ്രായം പരിഗണിക്കാമെന്നും ഹൈക്കോടതി അറിയിച്ചു.

Ads By Google

പകല്‍ മദ്യ ഉപയോഗം വര്‍ധിക്കുമ്പോള്‍ ഉപഭോക്താക്കളുടെ വരുമാനത്തില്‍ നിന്നുള്ള നല്ലൊരു ഭാഗവും മദ്യത്തിനായി ചെലവഴിക്കപ്പെടുന്നുവെന്നും കോടതി നിരീക്ഷിച്ചു. ബാറുകളുടെ സമയം ഏകീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് കോടതി അഭിപ്രായം വ്യക്തമാക്കിയത്.

ജസ്റ്റിസ് സി.എം രാമചന്ദ്രന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ബാറുകളുടെ പ്രവര്‍ത്തനസമയം സംബന്ധിച്ച് നിരീക്ഷണം നടത്തിയത്. ഇത് ഉത്തരവായി കണക്കാക്കണ്ട. അഭിപ്രായപ്രകടനമായി കണക്കാക്കിയാല്‍ മതിയെന്നും കോടതി വ്യക്തമാക്കി.

സമൂഹത്തിന് പൊതുവായി താത്പര്യമുള്ള വിഷയങ്ങളില്‍ കോടതി അഭിപ്രായം പറയുമ്പോള്‍ രാഷ്ട്രീയക്കാര്‍ സഹിഷ്ണുത കാണിക്കണമെന്നും കോടതി പറഞ്ഞു. നേരത്തെ ബാറുകളുടേയും കള്ളുഷാപ്പുകളുടേയും പ്രവര്‍ത്തനം സംബന്ധിച്ച് എക്‌സൈസ് മന്ത്രിയും മറ്റ് ഭരണനേതാക്കളും പ്രതികരിച്ചതിനെ ചൂണ്ടിക്കാട്ടിയാണ് കോടതി ഇങ്ങനെ പറഞ്ഞത്.