എഡിറ്റര്‍
എഡിറ്റര്‍
ലൈസന്‍സ് പുതുക്കി നല്‍കിയില്ല: തിരഞ്ഞെടുപ്പ് കഴിയും വരെ സംസ്ഥാനത്തെ ബാറുകള്‍ അടച്ചിട്ടേക്കും
എഡിറ്റര്‍
Saturday 29th March 2014 12:59am

bar

തിരുവനന്തപുരം: സര്‍ക്കാര്‍ മദ്യനയവും ബാര്‍ ലൈസന്‍സുകളും പുതുക്കാത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ ബാര്‍ ഹോട്ടലുകള്‍ താത്കാലികമായി അടച്ചിടേണ്ടിവന്നേക്കും. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെയെങ്കിലും ബാറുകള്‍ അടച്ചിടേണ്ടിവരുമെന്നാണ് കരുതുന്നത്. നിലവില്‍ തിങ്കളാഴ്ച വരെ മാത്രമേ ബാറുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയൂ.

മാര്‍ച്ച് 31-നകം ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി വാങ്ങേണ്ടതുണ്ട്. നിലവിലുള്ള മദ്യനയ പ്രകാരമാണ് മാര്‍ച്ച് 31 വരെ ലൈസന്‍സ് നല്‍കുന്നത്. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനി നാലുദിവസം മാത്രം ശേഷിക്കേ സര്‍ക്കാര്‍ ഇതുവരെയും മദ്യനയം പുതുക്കിയിട്ടില്ല. ബാറുകളുടെ ലൈസന്‍സുകളും പുതുക്കാന്‍ സാധിച്ചിട്ടില്ല.

ലൈസന്‍സ് പുതുക്കാത്തതിനാല്‍ മാര്‍ച്ച് 31-നു ശേഷം ഹോട്ടലുകള്‍ക്കും ബാറുകളിലൂടെ മദ്യം വില്‍ക്കാന്‍ കഴിയില്ല.

ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്തശേഷം മാത്രമേ തീരുമാനം എടുക്കാവൂയെന്ന് കെ.പി.സി.സി നിര്‍ദ്ദേശിച്ചു. നിലവാരം ഇല്ലാതെ പ്രവര്‍ത്തിക്കുന്ന 400-ല്‍ പ്പരം ബാറുകളുടെ ലൈസന്‍സ് റദ്ദാക്കുന്നത് ചര്‍ച്ചചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ നയപരമായ തീരുമാനം സര്‍ക്കാര്‍ എടുക്കേണ്ടിയിരുന്നു.

എന്നാല്‍ തീരുമാനമെടുക്കുന്നത് നീട്ടികൊണ്ടുപോയതോടെ തിരഞ്ഞെടുപ്പ് കാലത്ത് നയപരമായ തീരുമാനം എടുക്കാന്‍ കഴിയില്ലെന്ന അവസ്ഥയിലേക്കെത്തിക്കുകയായിരുന്നു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നെങ്കിലും ഇക്കാരണത്താല്‍ തീരുമാനമെടുക്കാനായില്ല.

എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങി സര്‍ക്കാരിന് വേണമെങ്കില്‍ ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കാവുന്നതാണ്.

ബാറുകള്‍ അടച്ച് പൂട്ടുകയാണെങ്കില്‍ വ്യാജ മദ്യം ഒഴുകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

Advertisement