കൊച്ചി: അഭിഭാഷകനും മുന്‍ ഐ എ എസ് ഉദ്യോഗസ്ഥനുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ബാര്‍കൗണ്‍സില്‍ ഓഫ് കേരളയുടെ അച്ചടക്കസമിതി വിലക്കേര്‍പ്പെടുത്തി. ആറുമാസത്തേക്ക് അഭിഭാഷകവൃത്തിയില്‍ ഏര്‍പ്പെടുന്നതിനാണ് വിലക്ക്.

കഴിഞ്ഞദിവസം ചേര്‍ന്ന ബാര്‍കൗണ്‍സില്‍ അച്ചടക്കസമിതിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.അല്‍ഫോണ്‍സ് കണ്ണന്താനം അക്കാദമി എന്ന സ്ഥാപനത്തിനായി സ്വന്തംപേര് രജിസ്റ്റര്‍ ചെയ്തു ഉപയോഗിച്ചു എന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി.

ആറുമാസ കാലയളവിനുള്ളില്‍ ബിസിനസ് ഉപേക്ഷിച്ചില്ലെങ്കില്‍ ആജീവനാന്തവിലക്ക് ഏര്‍പ്പെടുത്തുമെന്നും അച്ചടക്കസമിതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വിലക്കിനെതിരേ കണ്ണന്താനത്തിന് സുപ്രീംകോടതിയെ സമീപിക്കാമെന്നും സമിതി പറഞ്ഞു.