ഒരുകാലത്ത് മലയാളത്തില്‍ ഏറെ തിരക്കുള്ള നായികയായിരുന്നു ഭാനുപ്രിയ. രാജശില്‍പി, അഴകിയ രാവണന്‍, കൊച്ചു കൊച്ചു സന്തോഷങ്ങള്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ പ്രകടനമായിരുന്നു ഭാനുപ്രിയ കാഴ്ചവെച്ചത്.

വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന ഭാനുപ്രിയ 2005ല്‍ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. കുഞ്ചാക്കോബോബനും ഭാവനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം പക്ഷേ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. അതിനുശേഷം ഭാനുപ്രിയ മലയാളത്തില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു.

ഇപ്പോഴിതാ ഭാനുപ്രിയ വീണ്ടുമൊരു മലയാള ചിത്രത്തില്‍ വേഷമിടാന്‍ തയ്യാറെടുക്കുകയാണ്. ചിത്രകാരനും ശില്‍പിയുമായ ശ്യാംഗോപാല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കാറ്റു പറഞ്ഞ കഥ’ എന്ന സിനിമയിലാണ് ഭാനുപ്രിയ അഭിനയിക്കുന്നത്. ഭാനുപ്രിയയെ കൂടാതെ പുതുമുഖങ്ങളായ ഫൈസല്‍ ഹംസ, ജൂബില്‍രാജ്, സ്വാസിക എന്നിവരും സുകുമാരി, പശുപതി, കൊച്ചുപ്രേമന്‍, മാള അരവിന്ദന്‍, ഇന്ദ്രന്‍സ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

അയ്യപ്പന്‍ ആറ്റിങ്ങലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. നാഗര്‍കോവില്‍, പീരുമേട് എന്നിവിടങ്ങളിലായാണ് ചിത്രീകരണം. ജൂണ്‍ രണ്ടാംവാരം മുതല്‍ ചിത്രീകരണം ആരംഭിക്കും. എവര്‍ഗ്രീന്‍ ഫിലിംമേക്കേഴ്‌സാണ് കാറ്റു പറഞ്ഞകഥ നിര്‍മ്മിക്കുന്നത്.

മലയാളത്തില്‍ അഭിനയിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും ഭാനുപ്രിയ തമിഴ് സീരിയല്‍ രംഗത്ത് സജീവമായിരുന്നു. 1980ല്‍ സിനിമയിലെത്തിയ ഭാനുപ്രിയ തെന്നിന്ത്യയിലെ എല്ലാ ഭാഷകള്‍ക്കും പുറമെ ചില ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.