Categories

Headlines

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ല; അടൂര്‍ സ്വദേശിയോട് ‘1900’ പിഴയടക്കാന്‍ ബാങ്ക്; തുടര്‍ക്കഥയായി ബാങ്കുകളുടെ തീവെട്ടിക്കൊള്ള

പത്തനംതിട്ട: മിനിമം ബാലന്‍സ് ഇല്ലാത്ത അക്കൗണ്ട് ഉടമകളുടെ പക്കല്‍ നിന്നും പിഴയായ സാധാരണ ചെറിയ തുകയാണ് ഈടാക്കിയിരുന്നത്. എന്നാല്‍ അടൂര്‍ ഐ.ഡി.ബി.ഐ ബാങ്ക് മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശ പ്രകാരം അടക്കേണ്ട പിഴ തുകെയത്രയെന്നോ? 1900 രൂപ. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെന്ന കാരണത്താല്‍ കോര്‍പ്പറേറ്റ് ബാങ്കുകളുടെ തീവെട്ടി കൊള്ള തുടര്‍ക്കഥയാവുകയാണ്.

മിനിമം ബാലന്‍സ് 1000 രൂപ വേണമെന്നാണ് ബാങ്കുകളുടെ നിലപാട്. ഇതില്ലാതെ വന്നതോടെയാണഅ സി.പി.ഐ.എം അടൂര്‍ ഏരിയാ കമ്മിറ്റി സെക്രട്ടറി പി ബി ഹര്‍ഷകുമാറിനോട് പിഴ അടയ്ക്കാന്‍ ബാങ്ക് അധിക്യതര്‍ നിര്‍ദ്ദേശം നല്കിയിരിക്കുന്നത്. സംഭവത്തെ പറ്റി ഹര്‍ഷകുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത് ഇങ്ങനെ.

ഞാനും എന്റെ ഭാര്യയും ചേര്‍ന്ന് ഐഡിബിഐ ബാങ്കിന്റെ അടൂര്‍ ബ്രാഞ്ചില്‍നിന്ന് 300000 രൂപ കിസാന്‍ ക്രഡിറ്റ് പദ്ധതിയില്‍പ്പെടുത്തി വായ്പ എടുത്തു. വായ്പ വേണമെങ്കില്‍ ഉപഭോക്താവ് ഒരു എസ്ബി അക്കൗണ്ട് കൂടി ആരംഭിക്കണമെന്ന് പറഞ്ഞതിന്‍ പ്രകാരം 500 രൂപ മുടക്കി ഭാര്യയുടെ പേരില്‍ ഒരു എസ്ബി അക്കൗണ്ട് കൂടി തുടങ്ങി. അന്ന് അവര്‍ പറഞ്ഞു എപ്പോഴും ഈ അക്കൗണ്ടില്‍ മിനിമം 500 രൂപ ഉണ്ടായിരിക്കണം എന്ന്. ആയതിനാല്‍ ആ അക്കൗണ്ടിലെ പൈസയില്‍ ഞങ്ങള്‍ സ്പര്‍ശിക്കാനെ പോയില്ല.

ഇക്കഴിഞ്ഞ ദിവസം ബാങ്കില്‍ നിന്ന് ഭാര്യയെ വിളിച്ചിട്ട് പറഞ്ഞു നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ മിനിമം 2500 രൂപ ഉണ്ടാകണം. അടിയന്തിരമായി അടക്കണം. അതനുസരിച്ച് അടക്കേണ്ട 2500 രൂപയും വായ്പ തവണ തുകയുമായി ബാങ്കില്‍ ചെന്നു. കൗണ്ടറില്‍ ഇരുന്ന ജീവനക്കാരിയോട് കാര്യം വിശദീകരിച്ചു. അവര്‍ വളരെ സൗമ്യമായി എന്നോട് പറഞ്ഞു, ‘സര്‍, മിനിമം 2500 രൂപയായി ഉയര്‍ത്തിയ വിവരം ഭാര്യയുടെ മൊബൈലില്‍ മെസ്സേ ജ് ചെയ്തിട്ടുണ്ടാകും. അതിന് മറുപടിയായി ഞാന്‍ പറഞ്ഞു, മിക്ക ദിവസവും ഇവിടെ വരുന്ന എന്നോടെങ്കിലും മിനിമം തുകയില്‍ വര്‍ദ്ധനവരുത്തിയ കാര്യം പറയാമായിരുന്നു. അതുണ്ടാവാത്തതിലുള്ള ഖേദം പ്രകടിപ്പിച്ചു കൊണ്ട് ഞാന്‍ തുക അടക്കാന്‍ തയ്യാറായി. അപ്പോഴാണ്, ജീവനക്കാരി കമ്പ്യൂട്ടറില്‍ പരതി ഞെട്ടിക്കുന്ന വര്‍ത്തമാനം എന്നെ അറിയിക്കുന്നത് ‘ഈ വീഴ്ച വരുത്തിയതിന് 1900 രൂപ പിഴയും കൂടി അടച്ചേമതിയാകൂ എന്ന് ‘.

എന്റെ തല്ലാത്ത കുറ്റത്തിന് പിഴ അടക്കില്ല എന്ന് ഞാന്‍ നിലപാടെടുത്തു. വളരെ മര്യാദയോടെ ഉപഭോക്താക്കളുമായി ഇടപാട് നടത്തുന്ന ജീവനക്കാരല്ല, കുറ്റക്കാര്‍ എന്നെനിക്കറിയാമെങ്കിലും, എനിക്ക് പ്രതിഷേധിക്കാനും പ്രതികരിക്കാനും അവരാണ് പെട്ടെന്ന് എന്റെ മുന്നില്‍ ഉള്ളത് എന്നതുകൊണ്ട് ഞാന്‍ പ്രതിഷേധം തുടര്‍ന്നു.

കിസ്സാന്‍ ക്രഡിറ്റിനെ ഒരു അ/ഇ യായി പരിഗണിക്കാമെന്ന ഉപാധിയില്‍ പിന്നെ അവിടുത്തെ മറ്റൊരു സീനിയര്‍ ജീവനക്കാരന്‍ കൂടി എത്തി എന്റെ പ്രശ്‌നം പരിഹരിച്ചു.

പ്രശ്‌നം അതല്ല, കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ട് വായ്പയും പലിശയുമടക്കുന്ന നമ്മള്‍, ബാങ്കിന്റെ പണപ്പെട്ടി നിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബാങ്കുകാര്‍ക്ക് ചെയ്തു കൊടുക്കുന്ന വിടുപണിക്ക്, എന്തിന് വിധേയരാകണം എന്നതാണ്. നരേന്ദ്ര മോദിയുടെ നോട്ട് നിരോധത്തിന്റെ ബാക്കി പത്രങ്ങളാണീ പിടിച്ചു പറിയും നെറികേടുമൊക്കെ. പണ്ടൊക്കെ പണം നമ്മള്‍ ബാങ്കില്‍ സൂക്ഷിച്ചാല്‍ ബാങ്ക് പലിശയിനത്തില്‍ നമുക്ക് പ്രതിഫലം തരുമായിരുന്നെങ്കില്‍, നരേന്ദ്ര മോദിയുടെ കുത്തക കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങളുടെ പാലൂട്ടല്‍ കാലത്ത്, പണം നിക്ഷേപിച്ചാല്‍ നമ്മള്‍ പിഴ കൊടുത്തു മുടിയണം.

Tagged with: |