ബാംഗ്ലൂര്‍ : വിവാദ എഴുത്തുകാരിയായ തസ്‌ലീമ നസ്‌റീന്‍ പര്‍ദക്കെതിരെ എഴുതിയ ലേഖനം കന്നടയില്‍ പരിഭാഷപ്പെടുത്തി ഒരു പത്രം പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് ഷിമോഗയില്‍ സംഘര്‍ഷം. സംഘര്‍ഷത്തിലും പോലീസ് വെടിവെപ്പിലും രണ്ടുപേര്‍ മരിച്ചു. ഷിമോഗ നഗരത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കയാണ്.

പോലീസ് വെടിവെപ്പില്‍ ഒരാളും ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ കല്ലേറില്‍ മറ്റൊരാളും മരിക്കുകയായിരുന്നു. കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ നാടാണ് ഷിമോഗ. പത്രത്തില്‍ ലേഖനം വന്നതിനെ തുടര്‍ന്ന ഒരു വിഭാഗം ആളുകള്‍ നഗരത്തിലിറങ്ങി കടകള്‍ അടപ്പിക്കുകയും കല്ലേറ് നടത്തുകയും ചെയ്തു. വാഹനങ്ങള്‍ക്ക് നേരെ തീവെപ്പുണ്ടായി. അക്രമികള്‍ക്ക് നേരെ ലാത്തിചാര്‍ജുണ്ടായെങ്കിലും സ്ഥിതി നിയന്ത്രണ വിധേയമായില്ല. തുടര്‍ന്ന് വെടിവെക്കുകയായിരുന്നെന്നാണ് പോലീസ് ഭാഷ്യം. കര്‍ണാടകത്തിലെ വിവിധ പ്രദേശങ്ങളിലുണ്ടായ അക്രമസംഭവങ്ങളില്‍ 20 പേര്‍ക്ക് പരിക്കേറ്റു.

സംഘര്‍ഷം പടരുന്നത് തടയാനായി ബാംഗ്ലൂര്‍, ഷിമോഗ, ഹാസന്‍, ബല്‍ഗാം എന്നിവിടങ്ങളില്‍ പോലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഷിമോഗയില്‍ അക്രമികളെ കണ്ടാല്‍ ഉടന്‍ വെടിവെക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. ഒരു പ്രമുഖ കന്നഡ പത്രത്തില്‍ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച തസ്‌ലീമയുടെ ‘പര്‍ദാ ഹെ പര്‍ദ’ എന്ന ലേഖനമാണ് ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചത്. അക്രമികള്‍ 12 ഇരുചക്രവാഹനങ്ങള്‍, രണ്ട് ട്രാക്ടറുകള്‍, രണ്ട് ഓട്ടോറിക്ഷകള്‍ എന്നിവയും നശിപ്പിച്ചു. സംഭവത്തിന്റെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച രണ്ട് ഫോട്ടോഗ്രാഫര്‍മാര്‍ക്കുനേരെയും ആക്രമണമുണ്ടായി.