ബാംഗ്ലൂര്‍: പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി പ്രതിയായ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിന്റെ തുടര്‍വിചാരണ സെപ്തംബര്‍ അഞ്ചിന് നടക്കും. തുടര്‍വിചാരണ നടപടികളുടെ ഭാഗമായി മഅദനിയുള്‍പ്പടെ 15 പേരെ കഴിഞ്ഞ ദിവസം പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലെ പ്രത്യേക കോടതിയില്‍ നേരിട്ട് ഹാജരാക്കി. നേരത്തെ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് പ്രതികളെ ഹാജരാക്കിയിരുന്നത്. പ്രതിഭാഗം അഭിഭാഷകരുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് തുടര്‍വിചാരണയ്ക്ക് പ്രതികളെ നേരിട്ട് ഹാജരാക്കാന്‍ പ്രത്യേക ജഡ്ജി ശ്രീനിവാസന്‍ ഉത്തരവിട്ടത്.

കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസില്‍ ശിക്ഷയില്‍ കഴിയുന്ന ഒന്നാം പ്രതി തടിയന്റവിട നസീര്‍, 19 ാം പ്രതി ഷഫാസ് എന്നിവര്‍ വിചാരണയ്‌ക്കെത്തിയില്ല. ഗുജറാത്ത് സ്‌ഫോടനക്കേസില്‍ അഹമ്മദാബാദ് ജയിലില്‍ കഴിയുന്ന സൈനുദ്ദീന്‍, മകന്‍ ഷറഫുദ്ദീന്‍ എന്നീ പ്രതികളെ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ഹാജരാക്കിയത്. വെള്ളിയാഴ്ച രണ്ടുമണിക്കൂര്‍ നീണ്ടുനിന്ന വിചാരണനടപടിയില്‍ മഅദനിക്കുവേണ്ടി കര്‍ണാടക ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ വസന്ത് എച്ച്.വൈദ്യ, തിലകരാജ് എന്നിവര്‍ ഹാജരായി.

2010 ആഗസ്ത് 17 നാണ് മഅദനിയെ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ബാംഗ്ലൂര്‍ പോലീസ് അറസ്റ്റു ചെയ്യുന്നത്. 2008 ജൂലായ് 25 നുണ്ടായ സ്‌ഫോടനങ്ങളില്‍ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബാംഗ്ലൂര്‍ സിറ്റി പോലീസ് എടുത്ത ഒമ്പത് കേസുകളില്‍ 32 പ്രതികളാണുള്ളത്. കേസില്‍ 31 ാം പ്രതിയാണ് മഅദനി. അതേസമയം മഅദനി നല്‍കിയ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ആഗസ്ത് 24 ന് വാദം കേള്‍ക്കും. കീഴ്‌ക്കോടതിയും കര്‍ണാടക ഹൈക്കോടതിയും ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് പരപ്പന അഗ്രഹാര ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍കഴിയുന്ന ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.