എഡിറ്റര്‍
എഡിറ്റര്‍
ബംഗ്ലാദേശ് ടീമിന്റെ പാക്ക് പര്യടനം മാറ്റി
എഡിറ്റര്‍
Friday 20th April 2012 9:05am

ധാക്ക: ഈ മാസം നടക്കാനിരുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ പാകിസ്താന്‍ പര്യടനം മാറ്റി. സുരക്ഷാ കാരണങ്ങളാല്‍ കളിക്കാര്‍ പാക്കിസ്താനിലേക്ക് പോകുന്നത് തടഞ്ഞ് ധാക്ക ഹൈക്കോടതി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. ടീമിനെ തല്‍ക്കാലത്തേക്ക് അയക്കാന്‍ കഴിയില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ്‌ബോര്‍ഡ് (ബി.സി.ബി) അധികൃതര്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനെ (പി.സി.ബി) അറിയിച്ചു. കോടതി വിലക്കുള്ളതിനാല്‍ നാലാഴ്ചയ്ക്കുശേഷമേ ഇക്കാര്യത്തില്‍ തീരുമാനം അറിയാന്‍ സാധിക്കൂ.

ടീമിനെ അയക്കാനുള്ള ബി.സി.ബി തീരുമാനത്തെ ചോദ്യംചെയ്ത് വ്യാഴാഴ്ച രാവിലെ ഒരു സര്‍വകലാശാല അധ്യാപകനും സുപ്രീംകോടതി അഭിഭാഷകനും ചേര്‍ന്ന് സമര്‍പ്പിച്ച ഹരജിയിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. തീരുമാനിച്ചതിനുപിന്നിലെ ന്യായങ്ങള്‍ നാലാഴ്ചക്കകം കോടതിയില്‍ വിശദീകരിക്കണമെന്ന് ജസ്റ്റിസുമാരായ ഫരീദ് അഹ്മദും ശൈഖ് ഹസന്‍ ആരിഫും സ്‌പോര്‍ട്‌സ് സെക്രട്ടറി, ദേശീയ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മേധാവി, ബി.സി.ബി അധ്യക്ഷന്‍ എന്നിവരോട് നിര്‍ദേശിച്ചു.

ഏപ്രില്‍ അവസാനവാരം മൂന്നു ദിവസത്തെ പര്യടനമാണ് നിശ്ചയിച്ചിരുന്നത്. ഓരോ ഏകദിനവും ട്വന്റി20 മത്സരവും ഉള്‍പ്പെടുന്നതാണ് പര്യടനം.

2009ല്‍ ശ്രീലങ്കന്‍ താരങ്ങള്‍ക്കുനേരെ ലാഹോറിലുണ്ടായ ആക്രമണത്തിനുശേഷം ഒരു രാജ്യവും ക്രിക്കറ്റ് ടീമിനെ പാകിസ്താനിലേക്ക് അയച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ബി.സി.ബിയുടെ തീരുമാനത്തിനെതിരെ ഫെഡറേഷന്‍ ഓഫ് ഇന്റര്‍നാഷനല്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍ (ഫിക) അടക്കം രംഗത്തുവന്നിരുന്നു.

Advertisement