മിര്‍പുര്‍: ജയത്തില്‍ കുറഞ്ഞ ഒന്നും മതിയാകില്ലെന്ന യാഥാര്‍ത്ഥ്യം മനസിലാക്കി കളിക്കാനിറങ്ങിയ ബംഗ്ലാദേശ് ഒന്നു പൊരുതാന്‍ പോലും കൂട്ടാക്കാതെ തോറ്റു. ദക്ഷിണാഫ്രിക്കയോട് 206 റണ്‍സിന്റെ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയാണ് ബംഗ്ലാ കടുവകള്‍ ലോകകപ്പിനോട് സലാം പറഞ്ഞത്. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 8/284. ബംഗ്ലാദേശ് 78. ബംഗ്ലാദേശ് മുന്‍നിരയെ അരിഞ്ഞിട്ട പേസര്‍ ടോട്ട്‌സോബെയാണ് കളിയിലെ താരം.

ക്വാര്‍ട്ടറിലെത്തിയെങ്കിലും ദക്ഷിണാഫ്രിക്കന്‍ പോരാട്ടത്തിന്റെ വീര്യം കുറഞ്ഞിരുന്നില്ല. അംലയും 51, സ്മിത്തും 45 ചേര്‍ന്ന് അവര്‍ക്ക് മികച്ച തുടക്കം നല്‍കി. തുടര്‍ന്ന് ക്രീസില്‍ ഒത്തുചേര്‍ന്ന കാലിസ് (69) തന്റെ മികച്ച പ്രകടനം ഒകിക്കല്‍ക്കൂടി ആവര്‍ത്തിച്ചു. ഡൂപ്ലെസ്സിയുടെ മികച്ച പ്രകടനം (52) കൂടിയായപ്പോള്‍ ടീം സ്‌കോര്‍ 284ലെത്തി.

എന്നാല്‍ സ്‌റ്റെയിനു പകരം കളിക്കാനിറങ്ങിയ ടോട്‌സൊബെ ബംഗ്ലാദേശ് മുന്‍നിരയെ പിഴുതെറിഞ്ഞു. അഞ്ചോവറില്‍ 14 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റാണ് ഈ പേസര്‍ വീഴ്ത്തിയത്. സ്പിന്നര്‍ പീറ്റേഴ്‌സണ്‍ നാലുവിക്കറ്റ് വീഴ്ത്തി. ബംഗ്ലാ നിരയില്‍ ഷാക്കിബ് അല്‍ ഹസന്‍ മാത്രമാണ് രണ്ടക്കം കണ്ടത്.

ബംഗ്ലാദേശ് പുറത്തായതോടെ ഗ്രൂപ്പ് ബി യില്‍നിന്ന് ഇന്ത്യയും ഇംഗ്ലണ്ടും വെസ്റ്റ്ഇന്‍ഡീസും ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം ക്വാര്‍ട്ടറിലെത്തി.