എഡിറ്റര്‍
എഡിറ്റര്‍
ബംഗ്ലാദേശില്‍ വസ്ത്രനിര്‍മാണ തൊഴിലാളികളും പൊലീസുമായി സംഘര്‍ഷം
എഡിറ്റര്‍
Tuesday 19th November 2013 10:23pm

bangladesh

ധാക്ക: ബംഗ്ലാദേശിലെ വ്യവസായ നഗരങ്ങളില്‍ പ്രക്ഷോഭം നടത്തുന്ന വസ്ത്രനിര്‍മാണ തൊഴിലാളികളും പൊലീസുമായി കനത്ത സംഘര്‍ഷം. ചുരുങ്ങിയത് മുപ്പത് പേര്‍ക്കെങ്കിലും പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.

ആയിരക്കണക്കിന് വരുന്ന പ്രക്ഷോഭകാരികളെ പിരിച്ച് വിടാന്‍ പൊലീസ് റബര്‍ ബുള്ളറ്റുകളും കണ്ണീര്‍ വാതക ഷെല്ലുകളും പ്രയോഗിച്ചു.

ഇന്നലെ കൂലി വര്‍ദ്ധനവ് ആവശ്യപ്പെട്ട് സമരം നടത്തിയ ഫാക്ടറി തൊഴിലാളികള്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടിയില്‍ രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിക്കുകയായിരുന്നു അവര്‍.

ധാക്കയ്ക്ക് പുറത്ത് നടന്ന സമരത്തില്‍ പങ്കെടുത്തവര്‍ക്ക് നേരെ പൊലീസ് റബര്‍ ബുള്ളറ്റുകളുപയോഗിച്ച് വെടിയുതിര്‍ത്തിരുന്നു. ഇതില്‍ പരിക്കേറ്റവരാണ് ഇന്ന് രാവിലെ മരിച്ചത്.

ഫാക്ടറികള്‍ അഗ്നിക്കിരയാക്കുന്നതില്‍ നിന്നും തൊഴിലാളികളെ തടയാനായി റബര്‍ ബുള്ളറ്റുകളും കണ്ണീര്‍ വാതക ഷെല്ലുകളും പ്രയോഗിച്ചതായി പൊലീസ് ഉദ്യോഗസ്ഥനായ മുഹമ്മദ് നസ്‌റുല്‍ ഇസ്ലാം സമ്മതിച്ചു.

കത്തിച്ച ടയറുകളും ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളും ഉപയോഗിച്ച് സമരക്കാര്‍ റോഡില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചിരുന്നു. ധാക്കയ്ക്കു പുറത്ത് വ്യവസായനഗരങ്ങളായ ഗാസിപൂര്‍, അഷൂളിയ എന്നിവിടങ്ങളിലായിരുന്നു സമരങ്ങള്‍ ഏറെയും.

എന്നാല്‍ തൊഴിലാളികള്‍ സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നുവെന്നും പ്രകോപനമൊന്നും കൂടാതെ പൊലീസ് ആക്രമിക്കുകയായിരുന്നുവെന്നും തൊഴിലാളി നേതാവായ ദില്‍വര്‍ ഹുസ്സൈന്‍ പറഞ്ഞു.

കഴിഞ്ഞ ഒക്ടോബര്‍ മുതലാണ് പ്രക്ഷോഭങ്ങള്‍ ആരംഭിച്ചത്. അന്നുമുതല്‍ വസ്ത്രനിര്‍മാണ ഫാക്ടറികളുടെ സംരക്ഷണത്തിനും നഗരത്തിലെ സുരക്ഷ വര്‍ദ്ധിപ്പിക്കാനുമായി അര്‍ദ്ധസൈനിക വിഭാഗത്തില്‍ പെടുന്ന അതിര്‍ത്തി രക്ഷാസേനയെയാണ് നിയോഗിച്ചിരിക്കുന്നത്.

പ്രതിഷേധങ്ങള്‍ കാരണം ഇന്ന് മാത്രം അമ്പതോളം ഫാക്ടറികളാണ് അടച്ചിട്ടതെന്ന് അധികൃതര്‍ പറഞ്ഞു.

ബംഗ്ലാദേശിലെ തൊഴിലാളികളുടെ കൂലി വളരെ തുച്ഛമാണ്. അതേസമയം സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ ഏറെ സമയം ജോലിയെടുക്കാന്‍ അവര്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്യുന്നു.

രാജ്യത്തിന്റെ കയറ്റുമതി വരുമാനത്തിന്റെ എഴുപത് ശതമാനവും വസ്ത്രനിര്‍മാണ മേഖലയില്‍ നിന്നാണ്. ഏകദേശം ഇരുപത് ബില്യണ്‍ ഡോളറാണ് ഈ മേഖലയില്‍ നിന്ന് മാത്രമുള്ള വാര്‍ഷികവരുമാനം.

Advertisement