ചിറ്റഗോംഗ്: മൂന്നാം ഏകദിനത്തില്‍ വെസ്റ്റന്‍ഡീസിനെതിരെ ബംഗ്ലാദേശിന് തകര്‍പ്പന്‍ ജയം.അവിശ്വസിനീയമാം വിധം തകര്‍ന്ന് വിന്‍ഡീസിനെതിരെ എട്ട് വിക്കറ്റിനാണ് ബംഗ്ലാദേശ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് വെറും 61 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ബംഗ്ലാദേശ് 20 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഓപ്പണര്‍ തമീം ഇക്ബാല്‍ 36 റണ്‍സ് നേടി പുറത്താകാതെ നിന്നു.

അഞ്ച് ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഇടങ്കയ്യന്‍ ബൗളര്‍ സാക്കിബ് അല്‍ ഹസന്റെ മികച്ച പ്രകടനമാണ് വിന്‍ഡീസിനെ തകര്‍ത്തത്. സെയ്ഫുള്‍ ഇസ്‌ലാം, നാസിര്‍ ഹുസൈന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി. ശേഷിച്ച രണ്ട് വിക്കറ്റ് നാസ്മുല്‍ ഹൊസൈനും സുഹ്‌രവാഡി ഷുവോയും പങ്കിട്ടു. 25 റണ്‍സ് നേടിയ കിരണ്‍ പവലും 11 റണ്‍സ് നേടിയ കാര്‍ലോസ് ബാരറ്റ് വൈറ്റും മാത്രമാണ് വിന്‍ഡീസ് നിരയില്‍ രണ്ടക്കം കണ്ടത്. മറ്റാര്‍ക്കും രണ്ടക്കം കടക്കാന്‍ കഴിഞ്ഞില്ല.

ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച വിന്‍ഡീസ് മൂന്ന് മത്സരങ്ങളുടെ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. ആദ്യ ഏകദിനത്തില്‍ 40 റണ്‍സിനും രണ്ടാം ഏകദിനത്തില്‍ എട്ട് വിക്കറ്റിനുമായിരുന്നു വിന്‍ഡീസ് വിജയിച്ചത്. മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ സാക്കിബിനെ കളിയിലെ കേമനായി തിരഞ്ഞെടുത്തപ്പോള്‍ പരമ്പരയിലെ താരമായി വിന്‍ഡീസിന്റെ മര്‍ലോണ്‍ സാമുവല്‍സനെ തെരഞ്ഞെടുത്തു.