എഡിറ്റര്‍
എഡിറ്റര്‍
2009ലെ സൈനീകകലാപം: ബംഗ്ലാദേശില്‍ 152 പേര്‍ക്ക് വധശിക്ഷ
എഡിറ്റര്‍
Tuesday 5th November 2013 4:51pm

courtorder1

ബംഗ്ലാദേശ്: 2009ല്‍ രാജ്യത്ത് നടന്ന സൈനിക കലാപവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് കോടതി 152 കുറ്റക്കാര്‍ക്ക് വധശിക്ഷ വിധിച്ചു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട 152 മുന്‍ അര്‍ദ്ധസൈനികര്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചത്.

157 പേരെ ജീവപര്യന്തം തടവിനു വിധിച്ച കോടതി 271 പേരെ വിട്ടയച്ചു. കേസില്‍  26 സാധാരണക്കാരടക്കം ആകെ 846 പ്രതികളാണുള്ളത്. 57 സൈനിക കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ 74 പേരുടെ മരണത്തിനിടയാക്കിയ സൈനിക കലാപത്തിലാണ് കോടതിയുടെ വിധി.

ധാക്കാ മെട്രോപോളിറ്റന്‍ സെഷന്‍സ് ജഡ്ജി എം.ഡി അഖ്ത്രൗസ്മാനാണ് വിധി പ്രസ്താവിച്ചത്. സൈനികര്‍ ചെയ്ത കൃത്യം മാപ്പര്‍ഹിക്കാത്തത് ആണെന്ന് ചൂണ്ടിക്കാട്ടിയ കോടതി മൃതദേഹങ്ങള്‍ക്ക് ലഭിക്കേണ്ട ആദരവ് പോലും നല്‍കിയില്ലെന്നും വിലയിരുത്തി.

2009ല്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഓഫീസ് ചുമതലയേറ്റ് രണ്ടു മാസങ്ങള്‍ക്കു ശേഷം ഫെബ്രുവരി 25,26 തീയതികളിലായാണ് സൈനിക കലാപമുണ്ടായത്.

കലാപമുയര്‍ത്തിയ അതിര്‍ത്തി രക്ഷാ സേനയ്‌ക്കെതിരെ ശക്തമായി തിരിച്ചടിക്കാന്‍ സൈന്യം തീരുമാനിച്ചുവെങ്കിലും സര്‍ക്കാര്‍ ഇടപെട്ട് തടയുകയായിരുന്നു. ഇതേ ചൊല്ലി സര്‍ക്കാരും സൈന്യവുമായി അസ്വാരസ്യവും ഉടലെടുത്തിരുന്നു.

Advertisement