Categories

കൂലിത്തര്‍ക്കം: ബംഗ്ലദേശില്‍ തൊഴിലാളികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍

bangladesh

ധാക്ക: ബംഗ്ലാദേശില്‍ കൂലിത്തര്‍ക്കവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രക്ഷോഭത്തിനിടയില്‍ തൊഴിലാളികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍.

കൂലിത്തര്‍ക്കത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ നൂറ്റിയന്‍പതോളം വരുന്ന തുണിശാലകളിലെ ആയിരത്തിലധികം തൊഴിലാളികള്‍ പങ്കെടുക്കുന്ന സമരമാണ് അക്രമാസക്തമായത്.

കല്ലേറ് നടത്തിയ തൊഴിലാളികളെ പിരിച്ചുവിടാനായി പൊലീസ് കണ്ണീര്‍ വാതകവും റബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു. ഇതില്‍ അന്‍പതോളം പേര്‍ക്ക് പരിക്കേറ്റു.

വടക്കന്‍ ധാക്കയിലെ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന് സമീപത്തും അഷൂലിയ വ്യവസായശാല പ്രദേശത്തും നിരവധി കമ്പനികള്‍ക്കും കാറുകള്‍ക്കും നേരെ സമരക്കാര്‍ ആക്രമണം നടത്തി.

ശമ്പള വര്‍ദ്ധനവും അടിസ്ഥാനസൗകര്യങ്ങളുടെ വികസനവും ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ സമരമാരംഭിച്ചത്.

കഴിഞ്ഞ ഏപ്രിലില്‍ കമ്പനി കെട്ടിടം തകര്‍ന്ന് വീണ് 1100 തൊഴിലാളികള്‍ മരിച്ചിരുന്നു.

ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വസ്ത്രനിര്‍മാണ ശാലകളുള്ളത് ബംഗ്ലാദേശിലാണ്. ഇവിടത്തെ ഉല്‍പന്നങ്ങളില്‍ എണ്‍പത് ശതമാനവും കയറ്റിയയക്കുകയാണ് ചെയ്യുന്നത്.

Tagged with: |