Categories

പാക്കിസ്ഥാന്‍ ക്വാര്‍ട്ടറില്‍: പ്രതീക്ഷ സജീവമാക്കി ബംഗ്ലാദേശ്

കാന്‍ഡി: മഴ രസംകെടുത്തിയ മല്‍സരത്തില്‍ സിംബാബ്‌വെയെ ഏഴു വിക്കറ്റിന് തകര്‍ത്ത് പാക്കിസ്ഥാന്‍ ഗ്രൂപ്പ് എ യില്‍ നിന്നും ക്വാര്‍ട്ടറിലെത്തി. സ്‌കോര്‍: സിംബാബ്‌വേ 7/ 151. പാക്കിസ്ഥാന്‍: 3/ 164. 36 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റ് നേടിയ ഉമര്‍ ഗുല്‍ ആണ് കളിയിലെ താരം.

ജയിച്ചാല്‍ ക്വാര്‍ട്ടറിലെത്താമെന്ന നേരിയ പ്രതീക്ഷയുമായാണ് സിംബാബ്‌വേ കളിക്കാനിറങ്ങിയത്. എന്നാല്‍ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍മാര്‍ ആരും പ്രതീക്ഷത്തൊത്ത് ഉയര്‍ന്നില്ല. അബ്ദുള്‍ റസാഖിന്റേയും ഉമര്‍ ഗുല്ലിന്റേയും സ്വിംഗ് ചെയ്യുന്ന പന്തുകള്‍ക്ക് മുമ്പില്‍ അവര്‍ കീഴടങ്ങുകയായിരുന്നു. 43 റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് നാലുവിക്കറ്റ് നഷ്ടമായി. തുടര്‍ന്ന് ക്യാപ്റ്റന്‍ ചിഗാബുരയും 32, ഗ്രാന്‍ഡ് ഇര്‍വിനുമാണ് (52) സ്‌കോര്‍ 150 കടത്തിയത്.

മറുപടി ബാറ്റിംഗില്‍ പാക്കിസ്ഥാനും ആദ്യവിക്കറ്റ് തുടക്കത്തിലേ നഷ്ടമായി. എന്നാല്‍ മുഹമ്മദ് ഹാഫിസും (49) അസാദ് ഷഫീഖും (78*) ചേര്‍ന്ന് പാക്കിസ്ഥാനെ മികച്ച സ്ഥിതിയിലെത്തിച്ചു. ക്യാപ്റ്റന്‍ അഫ്രീഡി ഒരിക്കല്‍ക്കൂടി പരാജയപ്പെട്ടെങ്കിലും (3) ടീം അപ്പോഴേക്കും വിജയത്തിലെത്തിയിരുന്നു. സിംബാബ്‌വേക്കായി പ്രൈസ് രണ്ടുവിക്കറ്റ് നേടി.

ബംഗ്ലാദേശിനും ക്വാര്‍ട്ടറിലെത്താം
സിയാഉര്‍ അഹമ്മദ് ചൗധരി സ്‌റ്റേഡിയത്തില്‍ ജയത്തിനായി ആര്‍ത്തുവിളിച്ച ആരാധകരെ ബംഗ്ലാദേശ് നിരാശരാക്കിയില്ല. ഹോളണ്ടിനെ ആറുവിക്കറ്റ് തകര്‍ത്ത് ടീം ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കി. ഇതോടെ ഗ്രൂപ്പ് ബി യില്‍നിന്നും ഏതെല്ലാം ടീമുകള്‍ ക്വാര്‍ട്ടറിലെത്തുമെന്ന കാര്യം കൂടുതല്‍ ആകാംക്ഷയിലേക്ക് നീങ്ങുകയാണ്. സ്‌കോര്‍: ഹോളണ്ട് 160. ബംഗ്ലാദേശ്: 4/ 166.

ആദ്യം ബാറ്റ് ചെയ്ത ഹോളണ്ട് പ്രതീക്ഷിച്ചപോലെ തുടക്കത്തിലേ തകര്‍ന്നു. ബാറ്റിംഗിലെ ഒരുഘട്ടത്തിലും മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഡെസ്ചാറ്റ് (53), കൂപ്പര്‍ (28), സ്വാര്‍സിങ്കി (28) എന്നിവര്‍ ടീമിനായി ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചു.

മറുപടിയായി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാ കടുവകള്‍ക്ക് തമിം ഇഖ്ബാലിനെ തുടക്കത്തിലേ നഷ്ടമായി. എന്നാല്‍ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും തകര്‍പ്പന്‍ പ്രകടനം നടത്തിയ കയിസ് 73 റണ്‍സോടെ പുറത്താകാതെ നിന്നു. ജുനൈദ് സിദ്ദീഖി (35), ഷഹരിയാര്‍ നഫീസ് (37) എന്നിവര്‍ മികച്ച ബാറ്റിംഗ് നടത്തി. കയീസാണ് കളിയിലെ താരം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.