എഡിറ്റര്‍
എഡിറ്റര്‍
ബംഗാരുലക്ഷ്മണിന് 4 വര്‍ഷം തടവ്
എഡിറ്റര്‍
Saturday 28th April 2012 3:00pm

ന്യൂദല്‍ഹി: ആയുധ അഴിമതിക്കേസില്‍ ബി.ജെ.പി മുന്‍ അധ്യക്ഷന്‍ ബംഗാരു ലക്ഷ്മണിന് നാലുവര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും. ദല്‍ഹിയിലെ സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി കന്‍വല്‍ജീത് അറോറയാണ് വിധി പ്രഖ്യാപിച്ചത്.

ആയുധങ്ങള്‍ വാങ്ങുന്നതിന് കമ്മീഷനായി ഒരു ലക്ഷം രൂപ ബംഗാരു ലക്ഷ്മണ്‍ കൈപ്പറ്റുന്നതായി തെഹല്‍ക പുറത്തുകൊണ്ടുവന്ന ഒളിക്യാമറ ദൃശ്യങ്ങളാണ് കേസിനാധാരം. 2001 മാര്‍ച്ച് 13നാണ് തെഹല്‍ക ദൃശ്യങ്ങള്‍ പുറത്തുവന്നത്.

കുറ്റക്കാരനെന്ന് കോടതി വിധിച്ചതോടെ ബംഗാരു ലക്ഷ്മണിനെ തീഹാര്‍ ജയിലിലേക്ക് കൊണ്ടുപോകും. ഒളിക്യാമറ ദൃശ്യങ്ങള്‍ തെളിവാക്കി ശിക്ഷിക്കപ്പെടുന്ന ആദ്യ രാഷ്ട്രീയനേതാവാണ് ബംഗാരു ലക്ഷ്മണ്‍.

വാജ്‌പേയി സര്‍ക്കാറിന്റെ കാലത്ത് ബി.ജെ.പിയുടെ അധ്യക്ഷനായിരുന്നു ബംഗാരു ലക്ഷ്മണ്‍. ആയുധ വ്യാപാരികളെന്ന വ്യാജേന സമീപിച്ച തെഹല്‍ക വെബ്‌പോര്‍ട്ടലിലെ മാധ്യമ പ്രവര്‍ത്തകരില്‍ നിന്ന് ബംഗാരു ലക്ഷം രൂപ പാര്‍ട്ടിയുടെ ആസ്ഥാനത്തുവെച്ച് കൈപ്പറ്റി മേശവലിപ്പില്‍ വയ്ക്കുന്ന ദൃശ്യങ്ങള്‍ രാഷ്ട്രീയ രംഗത്ത് വന്‍കോളിളക്കം സൃഷ്ടിച്ചിരുന്നു. 2001 മാര്‍ച്ച് 13ന് പുറത്തുവിട്ട ദൃശ്യങ്ങള്‍ ബംഗാരുവിന്റെ സ്ഥാനം നഷ്ടമാക്കി.

പ്രതിരോധമേഖലയിലെ അഴിമതി പുറത്തുകൊണ്ടുവന്ന ആദ്യത്തെ ഒളിക്യാമറ ദൗത്യമായിരുന്നു ഓപ്പറേഷന്‍ വെസ്റ്റന്‍ഡ് എന്ന് പേരിട്ട തെഹല്‍കയുടെ ഒളിക്യാമറ പദ്ധതി. ലെപെജ് 90, അലിയോണ്‍, ക്രൂജര്‍ 3000 എന്നീ നാലാം തലമുറയില്‍പ്പെട്ട തെര്‍മല്‍ ക്യാമറകള്‍ സേനയ്ക്ക് വില്‍ക്കുന്നതിന് പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയക്കാര്‍ തുടങ്ങിയവരെയൊക്കെ തെഹല്‍കയിലെ മാധ്യമപ്രവര്‍ത്തകര്‍ ആയുധവ്യാപാരികളെന്ന വ്യാജേന കാണുന്നുണ്ട്. ഇങ്ങനെയൊരു തെര്‍മല്‍ ക്യാമറ നിലവിലില്ലെന്നതാണ് വസ്തുത.

വെസ്റ്റന്‍ഡ് എന്ന ആയുധവ്യാപാര സ്ഥാപനത്തിന് വേണ്ടിയെന്ന വ്യാജേനയായിരുന്നു തെഹല്‍കയുടെ എക്‌സിക്യുട്ടീവ് എഡിറ്ററായിരുന്ന അനിരുദ്ധ ബഹാലും പത്രപ്രവര്‍ത്തകനായ മാത്യു സാമുവലും എല്ലാവരെയും കാണുന്നത്. 2000 ഡിസംബര്‍ 23നും 2001 ജനുവരി ഏഴിനുമിടയില്‍ എട്ട് തവണ തെഹല്‍ക സംഘം ബംഗാരു ലക്ഷ്മണുമായി കൂടിക്കാഴ്ച നടത്തിയതായി സി.ബി.ഐ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.

ആയുധ ഇടപാടിന് അനുകൂല നിലപാട് സ്വീകരിക്കാമെന്നാണ് ലക്ഷ്മണ്‍ ഇവര്‍ക്കു നല്‍കിയ വാഗ്ദാനം. കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ ചാനല്‍ പുറത്തുവിട്ടതോടെ വന്‍ വിവാദമാകുകയും ലക്ഷ്മണ്‍ അധ്യക്ഷപദവി രാജിവയ്ക്കുകയുമായിരുന്നു. പ്രതിരോധമന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ സ്ഥാനനഷ്ടത്തിനും ഈ വിവാദം ഇടയാക്കിയിരുന്നു.

Malayalam News

Kerala News in English

Advertisement