Categories

ബംഗളൂരു എ.ടി.എം അക്രമം: പ്രതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം പാരിതോഷികം

banguluru-atm

ബംഗളൂരു: എ.ടി.എമ്മില്‍ മലയാളിയുവതി ജ്യോതി ഉദയിനെ വെട്ടിപ്പരിക്കേല്‍പിച്ച പ്രതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പൊലീസ് ഒരു ലക്ഷം രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചു.

സംഭവം നടന്ന് 48 മണിക്കൂറുകള്‍ക്ക് ശേഷവും പ്രതിയെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം. അന്വേഷണത്തില്‍ കാര്യമായ യാതൊരു പുരോഗതിയും നടക്കാത്തതിനാല്‍ ബംഗളൂരുവില്‍ ജനരോഷം വര്‍ദ്ധിക്കുകയാണ്.

സിസി ടിവി ദൃശ്യങ്ങള്‍ ഉണ്ടായിട്ട് പോലും പ്രതിയെ പിടികൂടാന്‍ സാധിക്കാത്ത പൊലീസിനെതിരെ വിമര്‍ശനവും വ്യാപകമാണ്. ജോയിന്റ് കമ്മീഷണര്‍ ബി. കെ സിങ്ങാണ് ഇനാം പ്രഖ്യാപിച്ചത്.

ആക്രമണത്തിനിരയായ ജ്യോതിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തത് മാത്രമാണ് അന്വേഷണത്തിലുണ്ടായ പുരോഗതി. ആന്ധ്രാപ്രദേശില്‍ നിന്നാണ് മൊബൈല്‍ കണ്ടെടുത്തത്.

മൊബൈല്‍ വാങ്ങിയ ആളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. അതേസമയം ആശുപത്രിയില്‍ കഴിയുന്ന യുവതിയുടെ നിലയില്‍ കാര്യമായ പുരോഗതിയില്ല.

ചൊവ്വാഴ്ച രാവിലെ 7.10 ഓടെ അജ്ഞാതനായ അക്രമി എ.ടി.എമ്മിനുളളില്‍ കടന്ന് ജ്യോതിയെ ആക്രമിക്കുകയായിരുന്നു. ഇവര്‍ പണമെടുക്കാനായി കയറിയ ഉടന്‍ തന്നെ ആയുധധാരിയായ അക്രമി ഷട്ടറടച്ചിതു ശേഷം പണമെടുക്കാന്‍ ആവശ്യപ്പെട്ടു.

യുവതി എതിര്‍ത്തതോടെയാണ് മാരകമായി വെട്ടിപ്പരിക്കേല്‍പിച്ചത്. യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം അക്രമി പുറത്തിറങ്ങി ഷട്ടര്‍ താഴ്ത്തി രക്ഷപെടുകയും ചെയ്തു.

എ.ടി.എം കൗണ്ടറിന് പുറത്ത് ചോരപ്പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വെട്ടേറ്റ് അവശനിലയിലായ ജ്യോതിയെ കണ്ടെത്തിയത്.

ജ്യോതിയുടെ വലതു വശം തളര്‍ന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. തലയ്ക്ക് മാരകമായി വെട്ടേറ്റത് കാരണം യുവതിയുടെ തലയോട്ടി തകര്‍ന്നിരുന്നു.

Tagged with: