എഡിറ്റര്‍
എഡിറ്റര്‍
ബാംഗ്ലൂരിലെ ടൗണ്‍ഷിപ്പുകള്‍ ബ്രാഹ്മണര്‍ക്കും ലിങ്കായത്തുകള്‍ക്കും മാത്രം
എഡിറ്റര്‍
Monday 11th November 2013 10:38am

township

ബാംഗ്ലൂര്‍: മുംബൈയില്‍ മുസ്‌ലീങ്ങള്‍ക്ക് ഫ്‌ളാറ്റില്ലെന്ന വാര്‍ത്ത വന്നതിന് പിന്നാലെ ബാംഗ്ലൂരില്‍ നിന്നും സമാനമായൊരു വാര്‍ത്ത. ബാംഗ്ലൂരിന് സമീപത്തുള്ള ടൗണ്‍ഷിപ്പുകളില്‍ ബ്രാഹ്മണര്‍ക്കും ലിങ്കായത്ത് സമുദായക്കാര്‍ക്കും മാത്രമേ താമസം അനുവദിക്കുന്നുളളൂ.

ശങ്കര അഗ്രഹാരം എന്ന് പേരിട്ടിരിക്കുന്ന ടൗണ്‍ഷിപ്പില്‍ 1200 വീടുകളാണുള്ളത്. വീട്ടില്‍ താമസിക്കണമെങ്കില്‍ ആദ്യം ഫോം പൂരിപ്പിച്ച് നല്‍കേണ്ടതുണ്ട്. അന്യ ജാതിക്കാരെ പ്രവേശിപ്പിച്ച് അശുദ്ധമാക്കാതിരിക്കാനാണ് നിബന്ധനയെന്നാണ് അധികാരികള്‍ പറയുന്നത്. ഇതില്‍ സാമുദായിക ധ്രുവീകരണമില്ലെന്നും പറയുന്നു.

ഒരേ ചിന്താഗതിയുള്ള സമുദായക്കാര്‍ ഒന്നിച്ച് താമസിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ ടൗണ്‍ഷിപ്പുണ്ടാക്കിയതെന്നാണ് അധികൃതര്‍ ഇതിന് നല്‍കുന്ന വിശദീകരണം.

സമാനരീതിയില്‍ ബാംഗ്ലൂരില്‍ നിന്നും 90 കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്ത് ലിങ്കായത്ത് സമുദായക്കാര്‍ക്ക് വേണ്ടി മാത്രം ടൗണ്‍ഷിപ്പ് ഒരുങ്ങുന്നുണ്ട്.

മുംബൈയിലെ ഒരു പ്രമുഖ ഓണ്‍ലൈന്‍ പ്രോപ്പര്‍ട്ടി പോര്‍ട്ടലില്‍ മുസ്‌ലിങ്ങളെ അധിക്ഷേപിക്കുന്ന രീതിയില്‍ വന്ന പരസ്യം ഏറെ വിവാദമായിരുന്നു. മുംബൈയിലെ ദാദര്‍ ഹിന്ദു കോളനിയിലെ ഫ്‌ളാറ്റിന്റെ പരസ്യത്തിലാണ് മുസ്‌ലിങ്ങളെ സ്വാഗതം ചെയ്യുന്നില്ലെന്ന് വ്യക്തമായി എഴുതിച്ചേര്‍ത്തിരിക്കുന്നത്.

ഫ്‌ളാറ്റിലെ സൗകര്യങ്ങളെ കുറിച്ച് പറഞ്ഞ് തുടങ്ങുന്ന പരസ്യം ഫര്‍ണിഷ് ചെയ്ത റൂമുകളെ കുറിച്ചും ക്രോസ് വെന്റിലേഷനം കുറിച്ചും പറയുന്നത് പോലെ തന്നെയാണ് മുസ്‌ലിങ്ങള്‍ക്ക് ഫഌറ്റ്‌നല്‍കുന്നതല്ല എന്നും പറഞ്ഞിരിക്കുന്നത്.

ഇതിനെതിരെ സാമൂഹിക പ്രവര്‍ത്തകനും അഭിഭാഷകനുമായ ഷെഹ്‌സാദ് പൂനവല്ല ന്യൂനപക്ഷ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.

Advertisement