ഹൈദരാബാദ്: തീവ്രവാദികളുമായുള്ള ബന്ധത്തിന്റെ പേരില്‍ ഹൈദരാബാദില്‍ നിന്നും വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു. ബാംഗ്ലൂരില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ 11 ഇന്ത്യന്‍ മുജാഹീദീന്‍ പ്രവര്‍ത്തകരില്‍ നിന്ന് ലഭിച്ച സൂചനയെതുടര്‍ന്നാണ് ഒബെയ്ദ് റഹ്മാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

Ads By Google

ചോദ്യം ചെയ്യലിനായി ഇരുപത്താറുകാരനായ ഒബെയ്ദിനെ ബാംഗ്ലൂരിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത പതിനൊന്നുപേരില്‍ ഒരാള്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. കന്നഡ പത്രത്തിലെ പ്രമുഖ കോളമെഴുത്തുകാരനെ വധിക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നെന്നും ഇതേത്തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും റിപ്പോര്‍ട്ടുണ്ട്.

അറസ്റ്റിലായ പതിനൊന്ന് പേര്‍ക്കും ലഷ്‌കര്‍-ഇ-ത്വയ്ബ, ഹുജി എന്നീ ഭീകരസംഘടകളുമായി ബന്ധമുണ്ടെന്ന് കര്‍ണാടക ഡി.ജി.പി ലാല്‍രോകുമ പാചൗ പറയുന്നു. ഇസ്‌ലാം വിരുദ്ധ ലേഖനം എഴുതിയതിന്റെ പേരിലാണ് ഇവര്‍ കോളമെഴുത്തുകാരനെ കൊല്ലാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇവരില്‍ നിന്നും വിദേശനിര്‍മിത പിസ്റ്റളുകള്‍ കണ്ടെടുത്തതായി ബാംഗ്ലൂര്‍ പോലീസ് കമ്മീഷണര്‍ നേരത്തെ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരുന്നു. ചില എം.പിമാരെയും എം.എല്‍.എമാരെയും മാധ്യമപ്രവര്‍ത്തകരെയും ഇവര്‍ വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.