എഡിറ്റര്‍
എഡിറ്റര്‍
മലയാളി എന്‍ജിനീയറെ ടേപ്പുകൊണ്ടു വരിഞ്ഞുമുറുക്കി കാറില്‍ പൂട്ടിയിട്ട് കൊലപ്പെടുത്തി
എഡിറ്റര്‍
Wednesday 23rd May 2012 8:13am

ബംഗളൂരു:  മലയാളിയായ സോഫ്റ്റ് വെയര്‍  എന്‍ജിനീയറെ ബംഗളുരുവില്‍ കാറിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. എച്ച്.പിയുടെ ബംഗളുരു കാമ്പസില്‍ സോഫ്‌റ്റ്വേര്‍ എന്‍ജിനീയറായ കോഴിക്കോട് മലാപ്പറമ്പ് മാസ് കോര്‍ണറിലെ ഇന്ദീവരം വീട്ടില്‍ സുബ്രഹ്മണ്യന്റെ മകന്‍ എസ്. ശ്രീരാജ് (24) ആണു മരിച്ചത്.

ഇന്നലെ രാവിലെ വൈറ്റ്ഫീല്‍ഡിനു സമീപം ബ്രൂക്ക്ഫീല്‍ഡില്‍, കാറിനുള്ളില്‍ പ്ലാസ്റ്റിക് കവറുകള്‍കൊണ്ടു തല പൊതിഞ്ഞു ശരീരമാസകലം സെല്ലോഫേന്‍ ടേപ്പ് വരിഞ്ഞുകെട്ടിയ നിലയിലായിരുന്നു മൃതദേഹം. എ.ഇ.സി.എസ്.മാരുതി ലേഔട്ടിലെ ഡി ബ്ലോക്കിന് എതിര്‍വശത്തുള്ള തടാകത്തിനു സമീപമായിരുന്നു കാര്‍. ഇതിന് ഒരു കിലോമീറ്റര്‍ അകലെയുള്ള വീട്ടില്‍ സുഹൃത്തിനൊപ്പമായിരുന്നു ശ്രീരാജിന്റെ താമസം.

പോലീസ് എത്തി കാറിന്റെ വാതില്‍ പൊളിച്ചാണു മൃതദേഹം പുറത്തെടുത്തത്. ശരീരം ടേപ്പുപയോഗിച്ചു വരിഞ്ഞുകെട്ടിയശേഷം കാറിനുള്ളില്‍ പൂട്ടിയിട്ടതിനാല്‍ ശ്വാസംമുട്ടിയാണു മരണമെന്നാണു പ്രാഥമികനിഗമനം. മൃതദേഹത്തിലെയും കാറിലെയും വിരലടയാളങ്ങള്‍ ഫോറന്‍സിക് വിദഗ്ധര്‍ ശേഖരിച്ചു.

ശ്രീരാജിന്റെ കാര്‍ നിര്‍ത്തിയിട്ടിരുന്നതിനടുത്താണു പ്രദേശവാസികള്‍ മാലിന്യം നിക്ഷേപിക്കുന്നത്. മാലിന്യം നീക്കംചെയ്യാന്‍ എത്തിയവരാണു കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. ആദ്യം ഉറങ്ങിക്കിടക്കുകയാണെന്നു കരുതിയെങ്കിലും തല മറച്ചിരിക്കുന്നതു കണ്ട് പോലീസില്‍ വിവരമറിയിച്ചു.

ഉച്ചയ്ക്ക് ഒരുമണിയോടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. ശ്രീരാജിന്റെ കൈവശമുണ്ടായിരുന്ന പഴ്‌സ്, മൊബൈല്‍ ഫോണുകള്‍ എന്നിവ നഷ്ടപ്പെടാത്തതിനാല്‍ കവര്‍ച്ചയല്ല കൊലപാതകലക്ഷ്യമെന്നു പോലീസ് പറഞ്ഞു.

ശ്രീരാജിന്റെ ശരീരത്തില്‍നിന്നു ടേപ്പുകള്‍ അഴിച്ചുമാറ്റാന്‍ മാത്രം അരമണിക്കൂറിലേറെ സമയമെടുത്തു. നാലു പ്ലാസ്റ്റിക് കവറുകള്‍ കൊണ്ടാണു തല പൊതിഞ്ഞിരുന്നത്.

ശ്രീരാജിന്റെ പ്രണയബന്ധം കേന്ദ്രീകരിച്ചാണ് അന്വേഷണം. ബാംഗ്ലൂരില്‍ ജോലിക്കൊപ്പം മറ്റു ചില കോഴ്‌സുകളും ശ്രീരാജ് പഠിച്ചിരുന്നു. ഒരുമാസം മുമ്പ് കോഴിക്കോട്ടെ വീട്ടില്‍ വന്നിരുന്നു.

Advertisement