ജയ്പൂര്‍: തുടര്‍ച്ചയായ വിജയങ്ങളോടെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേര്‍സ് പോയിന്റുപട്ടികയില്‍ രണ്ടാമതെത്തി. ജയ്പൂരില്‍ നടന്ന മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ 9 വിക്കറ്റിനാണ് മല്യയുടെ ടീം തകര്‍ത്തത്.

ആദ്യം ബാറ്റുചെയ്ത രാജസ്ഥാന് 146 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മികച്ച തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാനാവാത്തതാണ് രാജസ്ഥാന് വിനയായത്. ഓപ്പണര്‍ വാട്ട്‌സണ്‍ 34 റണ്‍സും ദ്രാവിഡ് 37 റണ്‍സുമെടുത്തു. എന്നാല്‍ മധ്യനിരബാറ്റ്‌സ്മാന്‍മാര്‍ കുതിച്ചുകയറാഞ്ഞത് തിരിച്ചടിയായി. ടെയ്‌ലര്‍ 13 റണ്‍സും ബോത്ത 19 റണ്‍സുമെടുത്തു. 34 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റെടുത്ത അരവിന്ദാണ് രാജസ്ഥാനെ തകര്‍ത്തത്.

മറുപടി ബാറ്റിംഗില്‍ കഴിഞ്ഞദിവസം നിര്‍ത്തിയിടത്തുനിന്നുമാണ് ക്രിസ് ഗെയ്ല്‍ തുടങ്ങിയത്. നിലംതൊട്ടും തൊടാതെയും പലതവണ പന്ത് അതിര്‍ത്തി കടന്നു. പുറത്താകാതെ 70 റണ്‍സെടുത്ത ഈ വീന്‍ഡീസ് താരമാണ് ബാംഗ്ലൂരിന്റെ വിജയത്തിന് വഴിമരുന്നിട്ടത്. ദില്‍ഷന്‍ 38 റണ്‍സെടുത്ത് പുറത്തായി. ബാംഗ്ലൂരിന്റെ അരവിന്ദാണ് കളിയിലെ താരം.