ചെന്നൈ: ക്രിസ് ഗെയ്ല്‍ എന്ന പടക്കുതിരയുടെ കരുത്ത് മുംബൈയുടെ ബൗളര്‍മാര്‍ ശരിക്കും അറിഞ്ഞു. ആദ്യ ഓവറില്‍ തന്നെ ഗെയ്ല്‍ തുടങ്ങിയ വിളയാട്ടത്തിന്റെയും ക്യാപ്റ്റന്‍ വെട്ടോറിയുടെ ബൗളിംഗ് മികവിലും ബാംഗ്ലൂര്‍ 43 റണ്‍സിന് മുംബൈയെ തോല്‍പ്പിച്ചത്.

തന്റെ പ്രകടനം ടീമിന്റെ ജയപരാജയങ്ങളെ എങ്ങിനെ സ്വാധീനിക്കുമെന്ന് ക്രിസ് ഗെയ്ല്‍ ഒരിക്കല്‍ക്കൂടി വ്യക്തമാക്കി. 47 പന്തില്‍ 89 റണ്‍സെടുത്ത ഗെയ്ല്‍ ബാംഗ്ലൂരിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിക്കുന്നതില്‍ മികച്ചപങ്കു വഹിച്ചു. അഞ്ചുതവണ നിലംതൊടാതെയും ഒമ്പതുതവണ നിലംതൊട്ടും ക്രിസ് ഗെയ്ല്‍ പന്തിനെ അതിര്‍ത്തി കടത്തി. ഓപ്പണര്‍ അഗര്‍വാളും (31 പന്തില്‍ 41) ഗെയ്‌ലിന് കൂട്ടായി നിന്നു. നിശ്ചിത ഓവറില്‍ നാലുവിക്കറ്റ് മാത്രം നഷ്ടത്തില്‍ 185 എന്ന കൂറ്റന്‍ സ്‌കോര്‍ ബാംഗ്ലൂര്‍ പടുത്തുയര്‍ത്തി.

ക്യാപ്റ്റന്‍ സച്ചിന്റെ ബാറ്റിംഗിലായിരുന്നു മുംബൈയുടെ പ്രതീക്ഷ. പ്രതീക്ഷ തെറ്റിക്കാതെ സച്ചിന്‍ തകര്‍ത്തു തുടങ്ങി. 24 പന്തില്‍ 40 റണ്‍സെടുത്ത് സച്ചിന്‍ പൊരുതിയെങ്കിലും സഹതാരങ്ങളില്‍ നിന്ന് യാതൊരു പിന്തുണയും ലഭിച്ചില്ല. ഹര്‍ഭജന്‍ 13 റണ്‍സിനും പൊള്ളാര്‍ഡ് മൂന്നു റണ്‍സിനും ഫ്രാങ്കഌന്‍ 16 റണ്‍സിനും കൂടാരം കയറി.

രോഹിത് ശര്‍മ, അമ്പാട്ടി റായ്ഡു, പൊള്ളാര്‍ഡ് എന്നിവരെ പുറത്താക്കിയ വെട്ടോറിയാണ് ബാംഗ്ലൂരിന്റെ ജയം ഉറപ്പിച്ചത്. ബാംഗ്ലൂരിനായി അരവിന്ദ്, സയ്ദ് മുഹമ്മദ് എന്നിവര്‍ രണ്ടുവിക്കറ്റെടുത്തു. ക്രിസ് ഗെയ്‌ലാണ് കളിയിലെ താരം. കലാശപ്പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെയാണ് ബാംഗ്ലൂര്‍ നേരിടുക.