ബാംഗ്ലൂര്‍: ചാമ്പ്യന്‍സ് ലീഗ് ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റിലെ നിര്‍ണായക ഗ്രൂപ്പ് മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് സോമര്‍സെറ്റിനെതിരെ 51 റണ്‍സ് ജയം. ക്രിസ് ഗെയ്‌ലിന്റെ (46 പന്തില്‍ 86) വെടിക്കെട്ട് ബാറ്റിംഗിന്റെ കരുത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് സെമിഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്തി. വിജയിക്കാന്‍ 207 റണ്‍സ് വേണ്ടിയിരുന്ന സോമര്‍സെറ്റ് ആറിന് 155 എന്ന നിലയില്‍ അവസാനിച്ചു. സീസണിലെ ബാംഗ്ലൂരിന്റ ആദ്യ ജയം ആണിത്. സ്‌കോര്‍: ബാംഗ്ലൂര്‍ 206/6. സോമര്‍സെറ്റ് 155/6

ടോസ് നേടിയ സോമര്‍സെറ്റ് ബാറ്റ് ചെയ്യാന്‍ റോയലിനെ ക്ഷണിക്കുകയായിരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ആറു വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തു. അല്‍ഫോന്‍സോ തോമസിന്റെ പന്തില്‍ ഡോക്‌റെല്ലിനു പിടികൊടുത്താണു ഗെയ്ല്‍ (86) മടങ്ങിയത്. വിരാട് കോഹ്‌ലി (33), തിലകരത്‌നെ ദില്‍ഷന്‍ (23), അഗര്‍വാള്‍ (19) എന്നിവരും തിളങ്ങി. മറുപടി ബാറ്റ് ചെയ്ത സോമര്‍സെറ്റിന് ആറു വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. സോമര്‍സെറ്റിന്റെ ഓപ്പണര്‍ പീറ്റര്‍ ട്രെഗോ (58) അര്‍ധ സെഞ്ചുറി നേടിയെങ്കിലും വിഫലമായി. ക്രെയ്ഗ് കീസ്‌വെറ്റര്‍ (26) മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ ഡാനിയേല്‍ വെട്ടോറിയുടെ പന്തില്‍ പുറത്തായി. പിന്നീടു വന്ന ബാറ്റ്‌സ്മാന്‍മാര്‍ക്കു തീരെ പിടിച്ചു നില്‍ക്കാനായില്ല. അരവിന്ദ്, വെട്ടോറി എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

Subscribe Us:

ചെന്നൈയില്‍ ന്യൂസൗത്ത് വെയ്ല്‍സിനെതിരെ ഇന്നു നടക്കുന്ന മത്സരത്തില്‍ നല്ല മാര്‍ജിനില്‍ ജയിച്ചാലേ സൂപ്പര്‍ കിംഗ്‌സിനു സെമി ഫൈനലില്‍ കടക്കാനാകൂ. ഗ്രൂപ്പ എ.യില്‍ ഒരു ടീമിനും സെമി ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.