ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ചാമ്പ്യന്‍സ് ലീഗ് ടി-20 ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ കടന്നു. ബാംഗ്ലൂര്‍ ചിന്ന് സ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന് സെമിഫൈനല്‍ മത്സരത്തില്‍ ആസ്‌ട്രേലിയന്‍ ടീമായ ന്യൂ സൗത്ത് വെയ്ല്‍സിനെ ഒമ്പത് പന്തുകള്‍ ബാക്കിനില്‌ക്കെ ആറു വിക്കറ്റിന് തകര്‍ത്താണ് ചലഞ്ചേഴ്‌സ് ഫൈനലില്‍ കുതിച്ചത്.

ടോസ് നഷ്ടപെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസൊത്ത്് വെയ്ല്‍സ് തൂടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി കണ്ടെത്തിയ ഓപ്പണര്‍ ഡേവിഡ് വാര്‍ന(123 നോട്ടൗട്ട്)റുടെ മികവില്‍ 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് എടുത്തു. 68 പന്തില്‍ 11 സിക്‌സറും ആറു ബൗണ്ടറിയുമുള്‍പ്പെടെയാണ് വാര്‍ണര്‍ 123 റണ്‍സെടുത്തത്. വാര്‍ണറെകുടാതെ അര്‍ധശതകം നേടിയ ഡാനിയല്‍ സ്മിത്തും(62) ന്യൂസൗത്ത് വെയില്‍സ് നിരയില്‍ തിളങ്ങി.

എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ചലഞ്ചേഴ്‌സ് എതിരാളികളുടെ കൂറ്റര്‍ സ്‌കോര്‍ കണ്ട് ഭയക്കാതെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ അതേ നാണയയത്തില്‍ തിരിച്ചടിക്കുന്നതാണ് പിന്നീട് കണ്ടത്. ഓപ്പണര്‍ ക്രിസ് ഗെയ്‌ലിന്റെയും (41 പന്തില്‍ നിന്ന് 92) വിരാട് കൊഹ്‌ലിയുടെയും (49 പന്തില്‍ നിന്ന് 84) തകര്‍പ്പന്‍ ബാറ്റിംഗിന്റെ പിന്ബലത്തില്‍ 18.3 ഓവറില്‍ ചലഞ്ചേഴ്‌സ് വിജയം നേടുകയായിരുന്നു. ശനിയാഴ്ച നടക്കുന്ന രണ്ടാം സെമിഫൈനല്‍ മതസരമായ മുംബൈ ഇന്ത്യന്‍സ് സോമര്‍സെറ്റ് മത്സരത്തിലെ വിജയികളുമായാണ് ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ബാംഗ്ലൂര്‍ മത്സരിക്കുക.