ബാംഗ്ലൂര്‍: അബ്ദുള്‍ നാസര്‍ മഅദനിയെ നാളെ ബാംഗ്ലൂര്‍ മെട്രോപൊളിറ്റന്‍ കോടതിയില്‍ ഹാജരാക്കണമെന്ന് കര്‍ണാടക പോലീസ്. വാറണ്ട് കാലാവധി അവസാനിക്കുന്നതിനാല്‍ നാളെത്തന്നെ മഅദനിയെ കോടതിയില്‍ ഹാജരാക്കണമെന്നാണ് കേരളപോലീസിനെ അറിയിച്ചിട്ടുള്ളത്.

മഅദനിയെ അറസ്റ്റ് ചെയ്യേണ്ടത് നിയമപരമായ ബാധ്യതയാണെന്നും ബാംഗ്ലൂര്‍ പോലീസ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ വിഷയത്തില്‍ പി ഡി പിയുടെ അഭിപ്രായം കൂടി അറിഞ്ഞശേഷം ഒരു തീരുമാനമെടുക്കാനാണ് സംസ്ഥാന സര്‍ക്കാറിന്റെ നീക്കമെന്നും സൂചനയുണ്ട്.

നേരത്തെ കൊല്ലത്തെത്തിയ ബാംഗ്ലൂര്‍ ജോ. കമ്മീഷണര്‍ അലോക് കുമാറും ഡപ്യൂട്ടി കമ്മീഷണര്‍ ഓംകാരയ്യയും എസ് പി ഹര്‍ഷിത അട്ടല്ലൂരിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ഡി ജി പിയുമായി ചര്‍ച്ച നടത്തുമെന്നു റിപ്പോര്‍ട്ടുണ്ടായിരുന്നുവെന്നും കര്‍ണാടക പോലീസ് സംഘം നേരെ കൊല്ലത്തേക്ക് പോവുകയായിരുന്നു. മഅദനിയുടെ അറസ്റ്റിനായി എല്ലാ സഹായവും ചെയ്യുമെന്ന് ഡി ജി പി ജേക്കബ് പുന്നൂസ് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തേ അറസ്റ്റുമായി ബന്ധപ്പെട്ട് നടത്താന്‍ നിശ്ചയിച്ചിരുന്ന നേതൃയോഗം പോലീസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഒഴിവാക്കിയിരുന്നു.