ബാംഗ്ലൂര്‍: ലോകകപ്പ് ക്രിക്കറ്റില്‍ ബാംഗ്ലൂരില്‍ നടക്കുന്ന മല്‍സരങ്ങളുടെ ടിക്കറ്റ് വില്‍പ്പനയിലെ തട്ടിപ്പ് തടയാനായി കമ്മീഷണര്‍ ശങ്കര്‍ എം. ബിദരി രംഗത്തെത്തി. ടിക്കറ്റ് വില്‍പ്പനയിലെ തട്ടിപ്പ് തടയാനും സുതാര്യത ഉറപ്പുവരുത്താനുമായി കര്‍ശന വ്യവസ്ഥ തന്നെ കമ്മീഷണര്‍ കൊണ്ടുവന്നിട്ടുണ്ട്.

കര്‍ണാടക സിനിമാ നിയന്ത്രണ നിയമപ്രകാരം വ്യാജടിക്കറ്റ് വില്‍പ്പന തടയാന്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ ക്രിക്കറ്റോ മറ്റ് സംഗീതനിശകള്‍ക്കോ ഉള്ള ടിക്കറ്റ് വില്‍പ്പനയിലെ തട്ടിപ്പ് തടയാന്‍ വ്യവസ്ഥയില്ലെന്ന് ശങ്കര്‍ ബിദരി പറഞ്ഞു.

ഇതിനെ തുടര്‍ന്നാണ് കമ്മീഷണര്‍ കര്‍ശന വ്യവസ്ഥകള്‍ കൊണ്ടുവന്നിരിക്കുന്നത്. നിയമപരമായി ടിക്കറ്റ് കൈയ്യിലുള്ള ആള്‍ മാത്രമേ അത് കൈമാറാന്‍ പാടുള്ളു. ഏതെങ്കിലുമൊരു വ്യക്തിക്ക് അഞ്ചിലധികം ടിക്കറ്റുകള്‍ വില്‍ക്കാന്‍ പാടില്ല.

വ്യവസ്ഥ പ്രകാരം ചെറിയ കമ്പനിക്ക് പത്ത് ടിക്കറ്റും വലിയ കമ്പനികള്‍ക്ക് 50 ടിക്കറ്റും മാത്രമേ വാങ്ങാന്‍ കഴിയൂ. ഇതിലുംകൂടുതല്‍ ടിക്കറ്റ് വില്‍ക്കണമെങ്കില്‍ പോലീസിന്റെ അംഗീകാരം കൂടിയേ തീരു എന്നും വ്യവസ്ഥയുണ്ട്.

വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന ടിക്കറ്റുകളുടെ 50 ശതമാനത്തിലധികം ഇന്റര്‍നെറ്റിലൂടെ വില്‍ക്കരുതെന്നും വ്യവസ്ഥയുണ്ട്. വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ 1963ലെ കര്‍ണാടക പോലീസ് നിയമപ്രകാരം നിയമനടപടികള്‍ക്ക് വിധേയരാകേണ്ടിവരുമെന്നും കമ്മീഷണര്‍ മുന്നറിയിപ്പ് നല്‍കി.