ബാംഗ്ലൂര്‍: ദക്ഷിണേന്ത്യയിലെ ആദ്യ മെട്രോ ട്രെയിന്‍ ഇന്ന് ബാംഗ്ലൂരില്‍ ഓടാന്‍ തുടങ്ങും. ‘നമ്മ മെട്രോ’ (നമ്മുടെ മെട്രോ) എന്ന് പേരിട്ട് മെട്രോ സര്‍വ്വീസ് രാവിലെ 10.30ന് കേന്ദ്ര നഗര വികസന മന്ത്രി കമല്‍ നാഥ് ഫഌഗ് ഓഫ് ചെയ്യും. എം.ജി. റോഡ് മുതല്‍ ബയപ്പനഹള്ളി വരെയുള്ള 6.7 കിലോമീറ്റര്‍ ദൂരമാണ് മെട്രോ ട്രെയിന്‍ കന്നി ഓട്ടം നടത്തുന്നത്. വൈകിട്ട് നാലു മുതല്‍ മെട്രോ ട്രെയിന്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും.

പത്ത് മിനിറ്റ് ഇടവിട്ടാണ് നമ്മ മെട്രോയുടെ സര്‍വീസ്. 21 മുതല്‍ ദിവസവും രാവിലെ ആറ് മുതല്‍ രാത്രി പത്ത് വരെയാണ് സര്‍വീസ് സമയം. ജനത്തിരക്കനുസരിച്ച് സര്‍വീസ് സമയം നീട്ടാനും അധികൃതര്‍ ആലോചിക്കുന്നുണ്ട്.

Subscribe Us:

15 കിലോയിലധികമുള്ള ലഗേജുമായി ഇതില്‍ കയറാന്‍ പറ്റില്ല. ചവുകള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞാല്‍ 500 രൂപ മുതല്‍ 1000 രൂപവരെ ഫൈന്‍ അടക്കേണ്ടി വരും. ചിക്കന്‍പോക്‌സ്, കോളറ, ഡിഫ്തീരിയ, ചിക്കന്‍ഗുനിയ, പകര്‍ച്ചപ്പനി തുടങ്ങിയ രോഗമുള്ളവര്‍ ഇതില്‍ കയറരുതെന്ന് മെട്രോയുടെ ചട്ടങ്ങള്‍ യാത്രക്കാരനെ വിലക്കുന്നുണ്ട്.

രണ്ട് ഘട്ടങ്ങളുള്ള മെട്രോ സര്‍വീസിന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് 2006 ജൂണ്‍ 24നായിരുന്നു തറക്കല്ലിട്ടത്. 2007ല്‍ നിര്‍മാണം തുടങ്ങി. രണ്ട് ഘട്ടങ്ങളിലായി 11,600 കോടി രൂപയാണ് ചെലവ്. 2010 മാര്‍ച്ചോടെ നിര്‍മാണം പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍ സി.എം.എച്ച്. റോഡില്‍ കമാനത്തിന്റെ ജോലികള്‍ വൈകിയതോടെയാണ് ഇത്രയും താമസിച്ചത്.