Categories

ബംഗാളിലും അമര്‍ഷം

ന്യൂദല്‍ഹി: സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി വി.എസിന് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ അടിയന്തര പി.ബി യോഗം ചേരുന്നതിന് പിന്നില്‍ ബംഗാള്‍ ഘടകത്തിന്റെ ശക്തമായ സമ്മര്‍ദ്ദവും. വി.എസിന് സീറ്റ്  നിഷേധിച്ച കാര്യം ബംഗാളിലെ മാധ്യമങ്ങള്‍ വന്‍പ്രധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്. ബംഗാളില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ വന്‍തിരിച്ചടി നേരിട്ട സി.പി.ഐ.എം ബുദ്ധദേവിന്റെ നേതൃത്വത്തില്‍ തെറ്റുകള്‍ ഏറ്റുപറഞ്ഞ് എഴുന്നേറ്റ നില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അഴിമതിക്കെതിരെ പോരാട്ടം നടത്തുന്നുവെന്ന പ്രതിച്ഛായയുള്ള വി.എസിന് സ്ഥാനാര്‍ത്ഥ്വം നിഷേധിച്ചത് ചര്‍ച്ചയായത്. ബംഗാളിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കുമിടയിലും തീരുമാനം ചര്‍ച്ചയായിക്കഴിഞ്ഞു.

ഇതിനിടെ കേരളത്തിലും കാര്യങ്ങള്‍ പാര്‍ട്ടി നേതൃത്വം കരുതിയതിനപ്പുറത്തേക്ക് പോവുകയാണ്. 2006ല്‍ വി.എസിന് പാര്‍ട്ടിയിലുണ്ടായിരുന്ന ശക്തി ഇപ്പോഴദ്ദേഹത്തിനില്ലെന്നാണ് നേതൃത്വം കണക്കുകൂട്ടിയിരുന്നത്. കൂടെയുള്ളവരെല്ലാം പാര്‍ട്ടി വിട്ടുപോയി. സ്വന്തക്കാര്‍ അദ്ദേഹത്തെ തള്ളിപ്പറയുന്ന സ്ഥിതിവരെ കാര്യങ്ങളെത്തി. സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചാലും പ്രതിഷേധങ്ങള്‍ മൂര്‍ച്ചയില്ലാതെ അസ്തമിക്കുമെന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍. എന്നാല്‍ അത് തെറ്റിക്കും വിധമാണ് ഒറ്റ രാത്രികൊണ്ട് സംസ്ഥാനത്തുടനീളം അലയടിച്ച പ്രതിഷേധപ്രകടനങ്ങള്‍. പരസ്യപ്രകടനങ്ങളും പോസ്റ്റര്‍ പതിക്കലും ഇപ്പോഴും തുടരുകയാണ.് വി.എസ് മത്സരത്തിനില്ലാതെ പാര്‍ട്ടിയിലുണ്ടാവില്ലെന്ന് അംഗങ്ങള്‍ പരസ്യമായി പറയുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങി. ഇതും നേതൃത്വത്തെ ഇരുത്തിച്ചിന്തിപ്പിക്കുന്നുണ്ട്.

അതേസമയം പി.ബി തീരുമാനങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങളാണ് ഇന്നലെ സംസ്ഥാന സെക്രട്ടേറിയേറ്റിലുണ്ടായതെന്ന പരാതി പല അംഗങ്ങള്‍ക്കുമുണ്ട്. ഇക്കാര്യം ഇന്ന് ചേരുന്ന പി.ബി യോഗത്തില്‍ ബൃന്ദകാരാട്ട് ഉള്‍പ്പെടെയുള്ളവര്‍ ഉന്നയിക്കും. വി.എസിനെ മത്സരിപ്പിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സെക്രട്ടേറിയേറ്റില്‍ തര്‍ക്കം ഉടലെടുക്കുകയാണെങ്കില്‍ വി.എസ് മത്സരിക്കണമെന്നാണ് പി.ബി നിലപാടെന്ന് യോഗത്തെ അറിയിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. ഇതിനായി പ്രകാശ് കാരാട്ടിനെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ സെക്രട്ടേറിയേറ്റ് യോഗത്തില്‍ കാരാട്ട് ഈ നിലപാടെടുത്തില്ലെന്നാണ് ആക്ഷേപം. വി.എസിന് വേണ്ടി സെക്രട്ടേറിയേറ്റില്‍ ചില അംഗങ്ങള്‍ രംഗത്ത് വന്നപ്പോള്‍ കാരാട്ടിന് പി.ബി നിലപാട് വ്യക്തമാക്കാമായിരുന്നു. എന്നാല്‍ അത് ഉണ്ടായില്ലെന്നാണ് പരാതി.

പി.ബി പറഞ്ഞാലും വി.എസ് മത്സരിക്കില്ല ?

പി.ബി യോഗത്തില്‍ വി.എസിനെ മത്സരിപ്പിക്കണമെന്ന ആവശ്യമുയര്‍ന്നാലും മത്സരത്തിനിറങ്ങേണ്ടെന്ന് വി.എസ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. പ്രത്യഘാതങ്ങള്‍ എല്ലാം അറിഞ്ഞുകൊണ്ട് സംസ്ഥാനത്തെ പാര്‍ട്ടി ഘടകം രണ്ടുംകല്‍പ്പിച്ചെടുത്ത തീരുമാനമാണിത്. അതുകൊണ്ട് തന്നെ ഇനി മത്സരിക്കേണ്ടെന്നാണ് വി.എസിന്റെ നിലപാടെന്നറിയുന്നു.

അതേസമയം പാര്‍ട്ടി വിട്ട പഴയ വി.എസ് അനുകൂലികളും ബുദ്ധിജീവികളും അദ്ദേഹത്തിന് പൂര്‍ണ്ണ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കേരളത്തിലെ ഇടത് രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമായ ചില മാറ്റങ്ങളുണ്ടാവുമെന്ന സൂചനയും ഇവര്‍ നല്‍കുന്നുണ്ട്.

One Response to “ബംഗാളിലും അമര്‍ഷം”

  1. jithesh.p

    KARAT PLS STOP WORKING FOR PINARAYI.WE ALL KNOW U R A PUPPET OF PHINARAYI BUT WE KERALAITES NEED VS AND HIS LEADERSHIP.SO KEEP PROTEST AGAINST PARTYS CURRENT DECISSION AGAINST VS.EXPECTING MORE YOUTH TO POST COMMENTS HERE..

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.