ന്യൂദല്‍ഹി: കര്‍ണാടകത്തില്‍ നിന്നും കേരളത്തിലേക്കുള്ള വയനാട്-മൈസൂര്‍ ദേശീയപാതയില്‍ രാത്രിയാത്രാ നിരോധനം നീക്കാനുള്ള കേരളത്തിന്റെ ശ്രമത്തിന് തിരിച്ചടി. ബന്ദിപ്പൂര്‍ വനമേഖലയെ പരിസ്ഥിതി പ്രാധാന്യ പ്രദേശമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ചു. കര്‍ണാടകാ സര്‍ക്കാരിന്റെ ശുപാര്‍ശയെ തുടര്‍ന്നാണിത്.

ഒന്ന, രണ്ട് സോണുകളായാണ് മേഖലയെ പ്രഖ്യാപിച്ചിട്ടുള്ളത്. മേഖല ഒന്നില്‍ പെടുന്ന പ്രദേശങ്ങളില്‍ രാത്രിയാത്രക്ക് സമ്പൂര്‍ണ നിരോധനമാണ്. വയനാട്-മൈസൂര്‍ ദേശീയപാത മേഖല ഒന്നിലൂടെയാണ് കടന്ന് പോകുന്നത്. രണ്ടാം സോണില്‍ ഉപാധികളോടെ രാത്രിയാത്ര അനുവദിക്കും.

പരിസ്ഥിതി സംരക്ഷണം ഉറപ്പ് വരുത്താനും തീരുമാനം നടപ്പാക്കുന്നതിനുമായ വിദഗ്ദ സമിതിയെ നിയമിക്കാനും കേന്ദസര്‍ക്കാര്‍ തീരുമാനിച്ചു. രാത്രിയാത്രാനിരോധനം സംബന്ധിച്ച കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം.

കേസില്‍ കര്‍ണാടകയും കക്ഷിയായതിനാല്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം കേരളത്തിന് തിരിച്ചടിയായി. കഴിഞ്ഞമാസം ഡള്‍ഹിയിലെത്തിയപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ജയന്തി നടരാജനുമായി രാത്രിയാത്രാനിരോധനം ഒഴിവാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തിരുന്നു.

ഇക്കാര്യത്തില്‍ കേരളത്തിന് അനുകൂലമായി നിലപാടെടുക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി പിന്നീട് അറിയിക്കുകയും ചെയ്തു. കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ഉന്നതതലയോഗം വിളിച്ചു ചേര്‍ക്കുമെന്നും ജയന്തി നടരാജന്‍ ഉറപ്പു നല്‍കിയിരുന്നു.

എന്നാല്‍, കേരളത്തിന് നല്‍കിയ വാഗ്ദാനങ്ങളെല്ലാം ലംഘിക്കപ്പെട്ടതിന് തെളിവാണ് ബന്ദിപ്പൂര്‍ വനമേഖലയെ പരിസ്ഥിതി പ്രാധാന്യ പ്രദേശമായി പഖ്യാപിച്ചു കൊണ്ടുള്ള കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം.