Categories
boby-chemmannur  

കുപ്രസിദ്ധ ഹൈടെക് മോഷ്ടാവ് ബണ്ടി ചോര്‍ പിടിയിലായി

ബാംഗളൂര്‍: കുപ്രസിദ്ധ ഹൈടെക് മോഷ്ടാവ് ബണ്ടി ചോര്‍ അറസ്റ്റിലായി. കര്‍ണാടക പോലീസാണ് ബണ്ടിചോര്‍ എന്ന ദേവീന്ദര്‍ സിംഗിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം മുട്ടടയില്‍ വിദേശ മലയാളി വേണുഗോപാലന്‍ നായരുടെ വീട്ടില്‍ മോഷണം നടത്തിയ ശേഷം ബാംഗളൂരുവിലേക്ക് രക്ഷപെട്ട അന്താരാഷ്ട്ര കുറ്റവാളിയാണ് ബണ്ടി ചോര്‍.

Ads By Google

ബണ്ടി ചോറിനെ അറസ്റ്റ് ചെയ്ത കാര്യം കര്‍ണാടക പോലീസ് കേരള പോലീസിനെ അറിയിച്ചിട്ടുണ്ട്. വിവരം അറിഞ്ഞ കേരളാ പോലീസ് സംഘം ബാംഗളൂരിലേക്ക് തിരിച്ചിട്ടുണ്ട്. ക്രൈം ഡിറ്റാച്ച്‌മെന്റ് ഡി.വൈ.എസ്.പി കെ.ഇ ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കര്‍ണ്ണാടകത്തിലേക്ക് തിരിച്ചത്.

മുട്ടടയില്‍ വിദേശ മലയാളി വേണുഗോപാലന്‍ നായരുടെ വീട്ടില്‍ മോഷണം നടത്തിയത് ബണ്ടി ചോറാണെന്ന് തിരിച്ചറിഞ്ഞത് കഴിഞ്ഞ ദിവസമാണ്.  നന്തന്‍കോടുനിന്നു മോഷ്ടിച്ച കാറിലെത്തിയ ബണ്ടി ചോര്‍ വേണുഗോപാലന്‍ നായരുടെ ലക്ഷങ്ങള്‍ വിലയുള്ള കെ.എല്‍. 01 ബി.ജി 29ാം നമ്പര്‍ മിത്‌സുബിഷി ഔട്ട്‌ലാന്‍ഡര്‍ കാറുമായാണ് തിരുവനന്തപുരത്തു നിന്നും കടന്നു കളഞ്ഞത്.

പോലീസ് പിന്തുടര്‍ന്നതിനെ തുടര്‍ന്ന് പിടി കൊടുക്കാതെ രക്ഷപ്പെടുന്നതിനായി ബണ്ടി ചോര്‍ കാര്‍ ഉപേക്ഷിച്ച് രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് ടാറ്റാ സുമോയില്‍ ബാംഗളൂരിലേക്കു രക്ഷപെടുന്നതിനിടെയാണ് പോലീസ് പിടിയിലായത്. ബാംഗളൂരില്‍ നിന്നു 90 കിലോമീറ്റര്‍ അകലെ കര്‍ണ്ണാടക തമിഴ്‌നാട് അതിര്‍ത്തിയായ കൃഷ്ണഗിരിക്കടുത്ത് വാഹന പരിശോധനക്കിടെ ബണ്ടി ചോറിനെ പോലീസ് തിരിച്ചറിയുകയും പിടി കൂടാന്‍ ശ്രമിക്കുകയും ചെയ്തു.

തുടര്‍ന്ന് രക്ഷപെടാന്‍ ശ്രമിച്ച ബണ്ടി ചോര്‍ രണ്ടു പോലീസുകാരെ കുത്തി പരിക്കേല്‍പ്പിച്ചിരുന്നു. കാര്‍ ഡ്രൈവറെയും കുത്തി പരിക്കേല്‍പ്പിച്ച് കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് പിന്തുടര്‍ന്ന് ബലപ്രയോഗത്തിലൂടെയാണ് ബണ്ടി ചോര്‍ എന്ന ദേവീന്ദര്‍ സിംഗിനെ കീഴ്‌പ്പെടുത്തുന്നത്. അന്താരാഷ്ട്ര കുറ്റവാളിയായ ബണ്ടി ചോര്‍ പിടികിട്ടാപ്പുള്ളിയും നിരവധി മോഷണ കേസില്‍ പ്രതിയുമാണ്. കര്‍ണാടകയിലും നിരവധി കേസുകള്‍ ബണ്ടി ചോറിന്റെ പേരില്‍ നിലവിലുണ്ട്.

Tagged with:


ജനതാത്പര്യം പ്രതിഫലിപ്പിക്കുന്ന വിധി: വി.എം സുധീരന്‍

കൊച്ചി: മദ്യനയത്തില്‍ ജനതാത്പര്യം പ്രതിഫലിപ്പിക്കുന്ന വിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. മദ്യനിരോധനത്തിനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് വിധി കൂടുതല്‍ ശക്തി പകരുമെന്നും അദ്ദേഹം പറഞ്ഞു. മദ്യനയത്തില്‍ സുപ്രധാനമായ ഘട്ടം പിന്നിട്ടിരിക്കുകയാണ്. കോടതി വിധി സര്‍ക്കാരിന്റെ മദ്യനയത്തിനുള്ള അംഗീകാരമാണെന്നും ഫോര്‍സ്റ്റാര്‍ ബാറുകളും നിരോധനത്തിന്റെ പരിധിയില്‍ വരുത്തണമെന്നതാണ് സര്‍ക്കാര്‍ നയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും കുറക്കണമെന്നാണ് യു.ഡി.എഫ് ആഗ്രഹിക്കുന്നതെന്നും ഇക്കാര്യത്തില്‍ നിര്‍ണ്ണായകമായ നിലപാടാണ് യു.ഡി.എഫ് സ്വീകരിച്ചിട്ടുള്ളതെന്നും സുധീരന്‍ വ്യക്തമാക്കി. ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് കോടതി അനുമതി നല്‍കിയ സാഹചര്യത്തില്‍ നിയമ വിദഗ്ധരുമായി ആലോചിച്ച് അനന്തര നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമപരവും നയപരവുമായ കാര്യങ്ങള്‍ക്ക് പുറമെ ജനങ്ങളുടെ പിന്തുണയോടെ സമ്പൂര്‍ണ്ണ മദ്യനിരോധം യാഥാര്‍ത്ഥ്യമാക്കാന്‍ കോടതി വിധി സര്‍ക്കാരിന് പ്രചോദനമായെന്നും അദ്ദേഹം അറിയിച്ചു. ആലുവ പാലസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുധീരന്‍. അതേസമയം കോടതി വിധി സര്‍ക്കാരിന്റെ മദ്യനയത്തിനുള്ള അംഗീകാരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. മദ്യനയത്തിന് ഭാഗിക അംഗീകാരം മാത്രമാണ് ലഭിച്ചതെന്ന പ്രചരണം മാധ്യമസൃഷ്ടി മാത്രമാണെന്നും വിധി പഠിച്ചശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദേഹം അറിയിച്ചു.

ചൂംബനത്തിനായി ഒരു പ്രണയലേഖനം

എന്റെ കവിളുകള്‍ നിങ്ങളുടെ നിശ്വാസത്തിന്റെ ഉഷ്ണമാപിനി ആയിരുന്നു. നിങ്ങളുടെ ഹൃദയമിടിപ്പിന്റെ താളം എന്റെ ഹൃദയം ഹൃദിസ്ഥമാക്കാന്‍ മാത്രം നമ്മള്‍ ആലിംഗനങ്ങള്‍ ചെയ്തിരുന്നു. അന്ന് നമ്മള്‍ ഇരുന്ന ബെഞ്ചുകളില്‍ ഇപ്പോഴും മനുഷ്യന്‍മാരുണ്ട്

എന്റെ പ്രിയപ്പെട്ട കാമുകിമാരേ, ഓര്‍ക്കുന്നുണ്ടോ നിങ്ങള്‍ ആകാലം? എപ്പോഴൊക്കെയോ നമ്മുടെ ഹൃദയങ്ങള്‍ക്കകത്ത് ഇടിവെട്ടും വെള്ളപ്പൊക്കവും ഭുമികുലുക്കവും നടക്കുന്നത് സഹിക്കാനാകാതെ നമ്മള്‍ ഇടങ്ങേറായ നിമിഷങ്ങളെ? അന്ന് നമ്മുടെ ബുദ്ധിക്കും ബോധത്തിനും പിടികൊടുക്കാതെ നമുക്കുള്ളില്‍ നടക്കുന്ന ഈ രസതന്ത്രത്തിനെയാണോ മനുഷ്യന്‍മാര്‍ പ്രണയം എന്ന് വിളിച്ചിരുന്നത് എന്ന് ശങ്കിച്ചിരുന്ന ആ കാലത്തെ? പിന്നെ ഒരു പുവിരിയുന്ന, ഒരു കുഞ്ഞ് ജനിക്കുന്ന, ഒരു നക്ഷത്രം കണ്ണുചിമ്മുന്ന അവസ്ഥകളെല്ലാം ഒരുമിച്ചനുഭവിച്ച് നമ്മള്‍ ഏറ്റവും ദിവ്യമായ ഭാഷയില്‍ നമ്മുടെ എടങ്ങേറിനെ ആവിഷ്‌കരിച്ചതിങ്ങനെ? പ്രണയം നമ്മുടെ സ്വാതന്ത്ര്യങ്ങളെ ബാധിക്കുന്നുവോ എന്ന എന്റെ മണ്ടന്‍ ആശങ്കക്ക് 'In the flush of love's light we dare be brave, And suddenly we see that love costs all we are and will ever be. Yet, it is only love which sets us free.' എന്ന് കൊട്ട് ചെയ്ത് നിങ്ങള്‍ പ്രേമലേഖനമെഴുതി. ഒരു കടലാസില്‍ നമ്മുടെ പ്രണയക്കടലിനെ ഒതുക്കാന്‍ ശ്രമിച്ച് നമ്മള്‍ കവികളായി. പ്രണയത്തിന്റെ ആത്മീയതയെപ്പറ്റി പറഞ്ഞ നിങ്ങള്‍ക്ക് മാര്‍ക്‌സ് ജെന്നിക്കെഴുതിയ പ്രണയലേഖനം തന്നതും പ്രണയത്തിന്റെ ഭൗതികതക്ക് വേണ്ടി തര്‍ക്കിച്ചതും ഇപ്പോള്‍ നിങ്ങള്‍ എങ്ങനെയാകും ഓര്‍ക്കുന്നുണ്ടാവുക? എന്റെ കവിളുകള്‍ നിങ്ങളുടെ നിശ്വാസത്തിന്റെ ഉഷ്ണമാപിനി ആയിരുന്നു. നിങ്ങളുടെ ഹൃദയമിടിപ്പിന്റെ താളം എന്റെ ഹൃദയം ഹൃദിസ്ഥമാക്കാന്‍ മാത്രം നമ്മള്‍ ആലിംഗനങ്ങള്‍ ചെയ്തിരുന്നു. അന്ന് നമ്മള്‍ ഇരുന്ന ബെഞ്ചുകളില്‍ ഇപ്പോഴും മനുഷ്യന്‍മാരുണ്ട്. അവര്‍ ഇപ്പോഴും അവിടെയിരുന്ന് പ്രേമിക്കുന്നുണ്ട്. കഥകള്‍ പറയുന്നുണ്ട്. സ്വപ്നം കാണുന്നുണ്ട്. പക്ഷെ സങ്കടമെന്നു പറയട്ടെ, അന്ന് നമ്മള്‍ നേരിട്ടത്രയോ അല്ലെങ്കില്‍ അതിനെക്കാളുമോ അപകടങ്ങള്‍ക്കിടയിലാണ് അവര്‍ ഇന്നുള്ളത് എന്നോര്‍ക്കുമ്പോള്‍ വല്ലാത്തൊരു ആധി തോന്നുന്നു. നമ്മള്‍ ഇരുന്ന് സംസാരിച്ചിരുന്ന ബെഞ്ചുകളില്‍ മുള്ളുകള്‍ തറച്ചവരും നമ്മള്‍ നടക്കുന്ന വഴികളില്‍ കുപ്പിക്കഷണങ്ങള്‍ വിതറിയവരും നമ്മുടെ സ്വകാര്യതകളിലേക്ക് കണ്ണും കാതും ഉഴിഞ്ഞ് വച്ചവരും ഇന്നും അവിടെയൊക്കെത്തന്നെയുണ്ട്. അവരുടെ ഭ്രാന്തന്‍ സദാചാര പരികലപ്പനകള്‍ കുടുതല്‍ വിചിത്രവും ഹിംസാത്മകവും ആയിട്ടുണ്ട്. അന്ന് അവര്‍ നമ്മളെ അത്രയൊക്കെ ദ്രോഹിച്ചിട്ടും രാത്രിയില്‍ നക്ഷത്രങ്ങള്‍ മിന്നുന്നതും പുക്കള്‍ വിരിയുന്നതും വസന്തം വരുന്നതും തടയാന്‍ അവര്‍ക്കായില്ലല്ലോ എന്ന് നമ്മള്‍ സമാധാനിച്ചു. ഇലകള്‍ തമ്മില്‍ തൊടുമെന്ന് പേടിച്ച് വീരാന്‍കുട്ടി അകറ്റി നട്ട മരങ്ങളുടെ വേരുകള്‍ തമ്മില്‍ നമ്മുടെ ഹൃദയങ്ങളില്‍ കെട്ടിപ്പിടിച്ചു. എന്നാല്‍ ഇന്നത്തെ കുട്ടികള്‍ കുറെക്കുടെ ധീരരാണ്. അവര്‍ വസന്തതിനായി, പ്രണയത്തിനായി സമരം ചെയ്യുകയാണ്. അവര്‍ സ്‌നേഹിക്കാനുള്ള അവകാശത്തിനായി പോരാടുകയാണ്. നിങ്ങള്‍ക്കറിയാമോ, ഞാനിപ്പോള്‍ ജീവിക്കുന്ന നഗരത്തില്‍ എവിടെയും കാമുകീകാമുകന്മാരെ കാണാം. പാര്‍ക്കിലും ബീച്ചിലും റോഡിലും ഓടിക്കൊണ്ടിരിക്കുന്ന സബര്‍ബന്‍ തീവണ്ടികളിലും അവര്‍ പ്രേമിക്കുന്നു. സല്ലപിക്കുന്നു. ചുംബിക്കുന്നു. എത്ര വലിയ തിരക്കുണ്ടെങ്കിലും ഒരു സ്ത്രീക്ക് ധൈര്യസമേതം ഈ തീവണ്ടികളില്‍ കേറാം. ഒരു കയ്യും ഒരു കണ്ണും അവളുടെ അഭിമാനത്തിനു നേരെ നീങ്ങില്ല. ഞാനും പങ്കാളിയും ഇപ്പോള്‍ ആലോചിക്കുന്നത് ഈ നഗരത്തില്‍ തന്നെ സ്ഥിരതാമാസമാക്കിയാലോ എന്നാണ്. ഒന്നുമില്ലെങ്കില്‍ നമ്മുടെ കുട്ടികള്‍ക്ക് ധൈര്യസമേതം പ്രേമിക്കുകയെങ്കിലും ചെയ്യാമല്ലോ. അപ്പോള്‍ പറഞ്ഞുവന്നത്, നാട്ടിലെ സമരത്തെ പറ്റിയാണ്. ഇതിനോട് നമുക്ക് ചെറിയ രാഷ്ട്രീയ വിയോജിപ്പുകള്‍ ഒക്കെയുണ്ട്. എങ്കിലും നിങ്ങളെ ഓര്‍ക്കുമ്പോള്‍, നമ്മുടെ വസന്തത്തെ ഊഷരമാക്കിയ ഒന്ന് പ്രണയിക്കാനോ ചുംബിക്കാനോ ഉള്ള ഭാഷപോലും അറിയാത്ത ആ വരണ്ട മനുഷ്യരെ ഓര്‍ക്കുമ്പോള്‍ എനിക്ക് ഇതില്‍ സംബന്ധിക്കാതിരിക്കാന്‍ ആകുന്നില്ല. അപ്പോള്‍ ഞാന്‍ വരും. നിങ്ങളും വരണം. അവിടെ അത്രയും ആളുകളുടെ നടുവില്‍ ചിലപ്പോള്‍ ചുംബിക്കാനൊന്നും പറ്റിയെന്ന് വരില്ല. അല്ലെങ്കിലും ഇങ്ങനെ ആലോചിച്ചുറപ്പിച്ചിട്ടൊന്നുമല്ലല്ലോ ആളുകള്‍ ചുംബിക്കാറ്. ഇതു പ്രണയത്തിനു വേണ്ടിയുള്ള സമരമാണ്. നമുക്ക് അടുത്തടുത് ഇരിക്കാം. വര്‍ത്തമാനം പറയാം. എന്റെ പങ്കാളിയും ചിലപ്പോള്‍ വന്നേക്കും. അമ്മ പെങ്ങള്‍ അച്ഛന്‍ അനിയന്‍ തുടങ്ങിയവരും വന്നേക്കും. അപ്പോള്‍ നമുക്ക് അവിടെ കാണാം. സസ്‌നേഹം.

കണ്ണൂരില്‍ ട്രെയിനില്‍ വെച്ച് യുവതിയെ തീകൊളുത്തിക്കൊന്ന പ്രതിയെന്നു സംശയിക്കുന്ന ആള്‍ പിടിയില്‍

തൃശൂര്‍: കണ്ണൂരില്‍ ട്രെയിനില്‍ വെച്ച് യുവതിയെ തീകൊളുത്തിക്കൊന്ന കേസിലെ പ്രതിയെന്നു സംശയിക്കുന്ന ആള്‍ തൃശൂരില്‍ പിടിയിലായി. കമ്പം സ്വദേശി സുരേഷ് കണ്ണനാണ് പിടിയിലായത്. ഇന്നുച്ചക്ക് 2.30 ഓടെയാണ് തൃശൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിന്ന് ഈസ്റ്റ് എസ്.ഐ ലാല്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ അറസ്റ്റ് നാളയെ രേഖപ്പെടുത്തുകയുള്ളൂ. പ്രതി കുറ്റം സമ്മതിച്ചതായാണ് പോലീസ് പറയുന്നത്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്. ഒക്ടോബര്‍ 20 ന് വൈകീട്ട് 4.30നാണ് കണ്ണൂര്‍-എറണാംകുളം എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ വച്ച് ഫാത്തിമ എന്ന യുവതിയെ ശരീരത്തില്‍ തീക്കൊളുത്തി കൊലചെയ്തത്. കേസില്‍ പ്രതിയുടെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ആരോഗ്യത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ബാന്‍ഡുമായി മൈക്രോസോഫ്റ്റ്

ആരോഗ്യത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ബാന്‍ഡുമായി മൈക്രോസോഫ്റ്റ് രംഗത്ത്. 'മൈക്രോസോഫ്റ്റ് ബാന്‍ഡ്' എന്നാണ് ഈ പുതിയ ഉപകരണത്തിന്റെ പേര്. ധരിക്കാന്‍ കഴിയുന്ന ഈ ബാന്‍ഡ് നമ്മള്‍ ചെയ്യേണ്ട വ്യായാമത്തെക്കുറിച്ചും മുന്നറിയിപ്പ് നല്‍കും. ഈ ഉപകരണം ഉപയോഗിച്ച് നമ്മുടെ പള്‍സ് റേറ്റ് അറിയാനും കലോറി അളക്കാനും ഉറക്കത്തിന്റെ നിലവാരം നോക്കാനും കഴിയുമെന്ന് മൈക്രോസോഫ്റ്റ് ബ്ലോഗിലൂടെ അറിയിച്ചു. യു.എസ് വിപണിയിലാണ് ഇത് ആദ്യം ലഭ്യമാവുക. അടുത്ത വ്യാഴാഴ്ച മുതല്‍ ബാന്‍ഡ് ലഭ്യമായിത്തുടങ്ങും. 199 ഡോളര്‍ ഏകദേശം 12,000 രൂപയായിരിക്കും ബാന്‍ഡിന്റെ വില. സെപ്തംബര്‍ ഒന്‍പതിന് ആപ്പിള്‍ സ്മാര്‍ട്ട് വാച്ച് പുറത്തിറക്കിയിരുന്നു. ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അടയാളപ്പെടുത്താന്‍ ഈ വാച്ചിന് കഴിയുമെന്ന് ആപ്പിളും അവകാശപ്പെട്ടിരുന്നു. 2015 ആദ്യത്തോടെയായിരിക്കും ഈ വാച്ച് വിപണിയിലെത്തുക. 349 ഡോളര്‍ (21400 രൂപ) ആയിരിക്കും ഈ വാച്ചിന്റെ വില. 'മൈക്രോസോഫ്റ്റ് ഹെല്‍ത്ത്' എന്ന ആരോഗ്യത്തെ സംബന്ധിക്കുന്ന ആപ്പും മൈക്രോസോഫ്റ്റ് പുറത്തിറക്കിയിട്ടുണ്ട്. ഫിറ്റ്‌നസ് ബാന്‍ഡില്‍ നിന്നാവും ഹെല്‍ത്ത് ആപ്പ് വിവരങ്ങള്‍ ശേഖരിക്കുക.