ന്യൂദല്‍ഹി: രാംദേവിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് നാളെ ബന്ദ് നടത്തുമെന്ന് ജമ്മു റിജ്യണിലെ പതഞ്ജലി യോഗ സമിതി അറിയിച്ചു. രാംലീല മൈതാനിയില്‍നിന്നും രാംദേവിനെ ബലംപ്രയോഗിച്ച് അറസ്റ്റുചെയ്ത പോലീസിന്റെ നടപടിയ്‌ക്കെതിരെയാണ് ബന്ദ് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് പതഞ്ജലി വക്താവ് ദിനേശ് ശര്‍മ അറിയിച്ചു.

ജമ്മു ചേംബര്‍ ഓഫ് കൊമേഴ്‌സ്, ബാര്‍ അസോസിയേഷന്‍, ട്രേഡേഴ്‌സ് അസോസിയേഷന്‍, ട്രാന്‍സപോര്‍ട്ട് അസോസിയേഷന്‍ തുടങ്ങിയ സംഘടനകള്‍ ബന്ദിനു പൂര്‍ണപിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പതഞ്ജലി യോഗ സമിതിയില്‍നിന്നും തീര്‍ത്തും സമാധാനപരമായ ഒരു റാലിയാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അഴിമതിയ്ക്കും കള്ളപ്പണത്തിനുമെതിരെ ബാബ നടത്തുന്ന നിരാഹാരസമരത്തില്‍ ജനങ്ങള്‍ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും നിരാഹാരം ഒരു പ്രത്യേകരാഷ്ട്രീയപാര്‍ട്ടിയ്ക്കുമെതിരായിട്ടല്ലെന്നും അഴിമതിയ്ക്കും കള്ളപ്പണത്തിനുമെതിരായിട്ടാണെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു.