തിരുവനന്തപുരം: നേതാക്കളുടെ പരസ്യപ്രസ്താവക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായി കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. വിലക്ക് ലംഘിച്ചാല്‍ കര്‍ശന നടപടി നേരിടേണ്ടി വരും.

കണ്ണൂര്‍ പോസ്റ്റര്‍ വിവാദത്തില്‍ മുഖ്യമന്ത്രി എടുത്ത നിലപാട് നൂറ് ശതമാനം ശരിയാണ്. കണ്ണൂരിലെ പ്രശ്‌നം മുഖ്യമന്ത്രി ഇടപെട്ട് പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

ഫ്‌ളക്‌സ്‌ മറയാക്കിക്കൊണ്ടുള്ള വാദ പ്രതിവാദങ്ങള്‍ കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം കെ.പി.സി.സി എടുത്തത്. പരസ്പരം വിഴുപ്പലക്കാന്‍ തുടങ്ങിയാല്‍ ഭരണനേട്ടങ്ങളെല്ലാം ജനങ്ങള്‍ മറന്നുപോകുമെന്ന് കോണ്‍ഗ്രസ് വക്താവ് എം.എം ഹസ്സന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

കണ്ണൂരില്‍  സുധാകരന്റെ ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ പോലീസ് നീക്കം ചെയ്തപ്പോള്‍ മുഖ്യമന്ത്രിയുടെ ബോര്‍ഡും സുധാകരന്റെ അനുയായികള്‍ പരസ്യമായി നീക്കം ചെയ്തിരുന്നു. മുഖ്യമന്ത്രിക്കും നിയമം ബാധകമാണെന്ന് സുധാകരന്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്.

കണ്ണൂരിലെ പോസ്റ്റര്‍ വിവാദത്തിന് പിന്നാലെ കോണ്‍ഗ്രസില്‍  ഗ്രൂപ്പ് പോര് മൂര്‍ച്ഛിച്ചിട്ടുണ്ട്. ഇതിനു പിന്നില്‍ അധികാരത്തര്‍ക്കവും സംഘടനാ തിരഞ്ഞെടുപ്പുമാണെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം വന്നിരുന്നു. ഇനി മുതല്‍ പരസ്യ പ്രസ്താവന പാര്‍ട്ടിക്കിടയില്‍ ഉണ്ടാകാന്‍ പാടില്ല. പോലീസുകാര്‍ പൊതു പ്രവര്‍ത്തകരെ മാനിക്കേണ്ടതുണ്ട്.കോണ്‍ഗ്രസ്സിനു ലഭിച്ച ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ 4 ാം തിയ്യതി പ്രഖ്യാപിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.