ആര്‍ എസ് എസിനെ നിരോധിക്കണം: സാംസ്‌കാരിക പ്രവര്‍ത്തകര്‍
India
ആര്‍ എസ് എസിനെ നിരോധിക്കണം: സാംസ്‌കാരിക പ്രവര്‍ത്തകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd July 2010, 7:19 am

ന്യൂദല്‍ഹി: തീവ്രവാദ- ഭീകരവാദ പ്രവര്‍ത്തനം നടത്തുന്ന ആര്‍ എസ് എസ് ഉള്‍പ്പെടയുള്ള സംഘപരിവാര്‍ സംഘടനകളെയും നിരോധിക്കണമെന്ന് രാജ്യത്തെ പ്രമുഖ സാംസ്‌കാരിക-സാമൂഹ്യ പ്രവര്‍ത്തകര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളില്‍ സംഘപരിവാര്‍ സംഘടനകളുടെ പങ്ക് വ്യക്തമായിരിക്കുകയാണ്. രാജ്യത്ത് നടന്ന ബോംബ് സ്‌ഫോടനങ്ങളെക്കുറിച്ച് സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം നടത്തണമെന്നും സാംസ്‌കാരിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച മുസ്‌ലിം ചെറുപ്പക്കാരെ ഉടന്‍ മോചിപ്പിക്കണം. സ്‌ഫോടനമുണ്ടായാല്‍ മുസ്‌ലിം യുവാക്കളാണ് തീവ്രവാദികളെന്ന് വിധിക്കുന്ന മാധ്യമങ്ങളും സര്‍ക്കാര്‍ വക്താക്കളും ആര്‍ എസ് എസിന്റെ ഭീകരപ്രവര്‍ത്തനങ്ങളെ മൂടിവയ്ക്കാനാണ് ശ്രമിക്കുന്നത്. ഹിന്ദുത്വ തീവ്രവാദികള്‍ക്കെതിരെ പ്രതികരിക്കുന്നില്ലെന്നു മാത്രമല്ല ഇതുസംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താനും ഇവര്‍ മടിക്കുന്നുവെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി. മാധ്യമങ്ങളിലടക്കം ആര്‍ എസ് എസിന്റെ ഏജന്റുമാര്‍ നുഴഞ്ഞുകയറിയിട്ടുണ്ട്.

മലേഗാവ്, അജ്മീര്‍, ഹൈദരാബാദ് മെക്ക മസ്ജിദ്, സംഝോത എക്‌സ്പ്രസ് സ്‌ഫോടനങ്ങളെല്ലാം ആര്‍എസ്എസ് ആസൂത്രണംചെയ്തതാണ്. മഹാത്മാഗാന്ധിയുടെ വധത്തോടെ ആരംഭിച്ച ആര്‍ എസ് എസിന്റെ ഹിന്ദുത്വഭീകരത രാജ്യസുരക്ഷയ്ക്കുതന്നെ ഭീഷണിയായിരിക്കുകയാണ്. ബാബരി മസ്ജിദ് തകര്‍ക്കല്‍, ഗുജറാത്ത് വംശഹത്യ തുടങ്ങിയവയിലെയും ആര്‍ എസ് എസ് പങ്ക് വ്യക്തമാണ്. വി എച്ച ്പി, ബജ്‌രംഗ്ദള്‍, അഭിനവ് ഭാരത് തുടങ്ങിയ പേരുകളിലെല്ലാം ഹിന്ദു വര്‍ഗീയത പ്രകടിപ്പിക്കുന്ന ആര്‍ എസ്എസിന്റെ അന്തിമലക്ഷ്യം ഭരണകൂടത്തെ അട്ടിമറിച്ച് അധികാരം പിടിച്ചെടുക്കലാണന്നും സാംസ്‌കാരിക പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.

ആക്ട് നൗ ഫോര്‍ ഹാര്‍മണി ആന്‍ഡ് ഡെമോക്രസി (അന്‍ഹദ്) പുറപ്പെടുവിച്ചത്. പ്രസ്താവനയില്‍ ചരിത്ര പണ്ഡിതന്മാരായ ഡോ. കെ എന്‍ പണിക്കര്‍, പ്രൊഫ. അര്‍ജുന്‍ദേവ്, ചലച്ചിത്രകാരന്മാരായ നസറുദ്ദീന്‍ ഷാ, മഹേഷ് ഭട്ട്, നര്‍ത്തകി മല്ലിക സാരാഭായ്, പ്രൊഫ. അനുരാധ ഷേണായ്, രാം പുനിയാനി, ഹിര ഗാന്ധി തുടങ്ങിയ രാജ്യത്തെ 44 പ്രമുഖ സാംസ്‌കാരിക-സാമൂഹ്യ പ്രവര്‍ത്തകരാണ് പ്രസ്താവനയില്‍ ഒപ്പു വെച്ചത്.