എഡിറ്റര്‍
എഡിറ്റര്‍
കൂട്ട പലായനം: 15 ദിവസത്തേക്ക് എസ്.എം.എസുകള്‍ നിരോധിച്ചു
എഡിറ്റര്‍
Saturday 18th August 2012 9:29am

ന്യൂദല്‍ഹി: ഇന്ത്യയില്‍ ഗ്രൂപ്പ് മെസ്സേജുകളും മള്‍ട്ടി മീഡിയ മെസ്സേജുകളും അയയ്ക്കുന്നതിന് വിലക്ക്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് വരുന്ന പതിനഞ്ച് ദിവസത്തേക്ക് എസ്.എം.എസ് അയയ്ക്കുന്നത്‌ നിരോധിച്ചത്.

Ads By Google

അഞ്ജാത എസ്.എം.എസുകളെ തുടര്‍ന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികളും ജീവനക്കാരും കൂട്ട പാലായനം നടത്തുന്ന സാഹചര്യത്തിലാണിത്. ആസാമിലെ കലാപത്തിന് പകരം വീട്ടുമെന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി എസ്.എം.എസുകള്‍ പ്രചരിച്ചിരുന്നു.

ഇതേ തുടര്‍ന്ന് ബാംഗ്ലൂര്‍ നഗരത്തില്‍ നിന്ന് പതിനായിരക്കണക്കിന് ആളുകളാണ് സ്വദേശത്തേക്ക് പലായനം ചെയ്തത്. നിര്‍മാണത്തൊഴിലാളികള്‍ മുതല്‍ ഐ.ടി രംഗത്തുള്ളവര്‍ വരെ സ്വദേശത്തേക്ക് തിരിച്ചുപോവുന്നുണ്ട്.

നാട്ടില്‍ നിന്നും ആശങ്ക നിറഞ്ഞ വിളികള്‍ വന്നതോടെ വിദ്യാര്‍ത്ഥികള്‍, കോള്‍സെന്റര്‍ ജീവനക്കാര്‍, സ്വകാര്യ സെക്യൂരിറ്റി ജീവനക്കാര്‍, ഹോട്ടല്‍ തൊഴിലാളികള്‍ എന്നിവരെല്ലാം നഗരംവിട്ടു.

അതേസമയം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ അവരുടെ സ്വദേശത്തേക്ക് മടങ്ങേണ്ടതില്ലെന്ന് ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ അറിയിച്ചു. അഭ്യൂഹത്തിന്റെ ഉറവിടത്തെ കുറിച്ച് അറിയാന്‍ സാധിച്ചിട്ടില്ല. സര്‍ക്കാര്‍ ഇതിനെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.

ചെന്നൈ, ബാംഗ്ലൂര്‍, മൈസൂര്‍, സേലം എന്നിവിടങ്ങളില്‍ നിന്നുമാണ് കഴിഞ്ഞ ദിവസം മുതല്‍ വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങാനാരംഭിച്ചത്. വെള്ളിയാഴ്ച രാവിലെ ഹൈദരാബാദില്‍ നിന്നും പലായനമാരംഭിച്ചു. ബാംഗ്ലൂര്‍, ചെന്നൈ നഗരങ്ങളില്‍ ട്രെയിന്‍ കിട്ടാതെ ആയിരങ്ങളാണ് കാത്തിരിക്കുന്നത്.

Advertisement