ജനീവ: ജനാധിപത്യപോരാട്ടം വിജയം കണ്ട ഈജിപത്, ടുണീഷ്യ എന്നീ രാജ്യങ്ങള്‍ യുഎന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍  സന്ദര്‍ശിക്കും. വടക്കന്‍ ആഫ്രിക്കയിലെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യം പരിഗണിച്ചാണ് ബാന്‍ കി മൂണ്‍ സന്ദര്‍ശനം നടത്തുന്നത്. അതേസമയം, സന്ദര്‍ശന തീയതി  പ്രഖ്യാപിച്ചിട്ടില്ല.

ഈജിപ്തിലും ടുണീഷ്യയിലും ഉടന്‍ സന്ദര്‍ശനം നടത്തും. ഇതിനു മുന്നോടിയായി ഗ്വാട്ടിമാലയിലെ യു.എസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുമെന്നും ബാന്‍കി മൂണ്‍ പറഞ്ഞു. ഭരണമാറ്റത്തിനുള്ള ജനങ്ങളുടെ ആവശ്യം അംഗീകരിക്കണമെന്നും ചര്‍ച്ചയിലൂടെ രാജ്യത്തിന്റെ നല്ല ഭാവിക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പ്രസ്താവിച്ചു.

ഇതിനിടെ, യു.എന്നിന്റെ പ്രത്യേക പ്രതിനിധിയും ജോര്‍ദാന്‍ മുന്‍ വിദേശകാര്യ മന്ത്രിയുമായ അബ്ദുല്‍ ഇലാഹ് ഖാത്തിബ് ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ സന്ദര്‍ശനം നടത്തുകയാണ്. ലിബിയയിലെ പ്രക്ഷോഭത്തെക്കുറിച്ച് യുഎന്നിനും രാജ്യാന്തര സമൂഹത്തിനുമുള്ള ആശങ്ക അറിയിക്കുകയാണ് സന്ദര്‍ശന ലക്ഷ്യം.