യു.എന്‍: ലോകത്ത് വധശിക്ഷ എന്ന ശിക്ഷാനടപടി അവസാനിപ്പിക്കണമെന്ന് യു.എന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍. വധശിക്ഷ നിയന്ത്രിക്കാന്‍ മൊറാട്ടോറിയം ഏര്‍പ്പെടുത്തണമെന്ന പ്രമേയം പാസാക്കിക്കൊണ്ടാണ് ബാന്‍ കി മൂണ്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

Ads By Google

വധശിക്ഷ നിയന്ത്രണ നടപ്പാക്കാന്‍ മൊറോട്ടേറിയം ഏര്‍പ്പെടുത്തണമെന്ന പ്രമേയത്തെ അംഗീകരിക്കുന്നെന്നും അതില്‍ യു.എന്‍ ജനറല്‍ അസംബല്‍ കമ്മറ്റിക്ക് നന്ദി രേഖപ്പെടുത്തുന്നതായും മൂണ്‍ വ്യക്തമാക്കി.

150 രാജ്യങ്ങള്‍ വധശിക്ഷ  നല്‍കുന്നത് റദ്ദാക്കുകയോ താത്കാലികമായി നിര്‍ത്തിവെയ്ക്കുകയോ ചെയ്തിട്ടുണ്ട്. 2007ല്‍ ചേര്‍ന്ന യു,എന്‍ സമ്മേളനത്തിലാണ് ആദ്യമായി ഇക്കാര്യം ചര്‍ച്ച ചെയ്തത്. അതിനുശേഷം ലോകരാജ്യങ്ങളില്‍ ഭൂരിപക്ഷവും വധശിക്ഷയെന്ന ശിക്ഷാനടപടിയ്‌ക്കെതിരെ നിലപാടെടുത്തത് വലിയ കാര്യമാണെന്ന് മൂണ്‍ വ്യക്തമാക്കി.

ഒരു വ്യക്തിയുടെ ജീവനെടുക്കുകയെന്നത് യഥാര്‍ത്ഥത്തില്‍ നീതിയല്ല. നിയമം അനുവദിക്കുന്ന മറ്റ് ശിക്ഷാ വിധികള്‍ അവര്‍ക്ക് നല്‍കാം. ഒരു കുറ്റവാളിയുടെ ജീവനെടുക്കാന്‍ അനുവദിക്കുന്ന നിയമം യഥാര്‍ത്ഥത്തില്‍ നിയമവ്യവസ്ഥയില്‍ ഉള്‍പ്പെടുത്താനേ പാടില്ലെന്നും മൂണ്‍ പറഞ്ഞു.

39 വോട്ടിനെതിരെ 110 വോട്ടിനാണ് പ്രമേയം പാസായത്. 36 പ്രതിനിധികള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. പ്രമേയത്തിനെതിരെ വോട്ട് ചെയ്തവരില്‍ ഇന്ത്യയും അമേരിക്കയും ചൈനയും ഉള്‍പ്പെടും. അസംബല്‍യുടെ മൂന്നാം കമ്മറ്റിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യപ്രതി അജ്മല്‍ കസബിന്റെ വധശിക്ഷ ഇന്ത്യ നടപ്പാക്കിയതിന് അടുത്തദിവസമാണ് ബാന്‍കി മൂണിന്റെ പ്രസ്താവനയെന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്.